അവസാനമായി ഒന്നു വന്നു കാണാന്‍ പറ്റുന്നില്ലല്ലോ.., സങ്കടം സഹിക്കാന്‍ പറ്റുന്നില്ല വേണുവേട്ടാ: മനോജ് കെ. ജയന്‍

നെടുമുടി വേണുവിന്റെ വിയോഗത്തില്‍ വികാരഭരിതമായ കുറിപ്പ് പങ്കുവച്ച് നടന്‍ മനോജ് കെ. ജയന്‍. അവസാനമായി ഒന്നു വന്ന് കാണാന്‍ പോലും കഴിയുന്നില്ലാലോ എന്ന് പറഞ്ഞാണ് നടന്റെ കുറിപ്പ്. സങ്കടം സഹിക്കാന്‍ പറ്റുന്നില്ല, തീരാനഷ്ടമാണെന്നും മനോജ് കെ. ജയന്‍ പറയുന്നു.

മനോജ് കെ. ജയന്റെ കുറിപ്പ്:

എന്റെ വേണുവേട്ടാ പോയല്ലോ… മലയാള സിനിമ കണ്ട ഏറ്റവും വലിയ വേഴ്‌സറ്റൈല്‍ ആക്ടര്‍. മഹാനടന്‍. പാഠ പുസ്തകം. എനിക്ക് ഗുരുതുല്യനാണ് വേണുവേട്ടന്‍. എന്റെ അഭിനയ കളരി തന്നെ വേണുവേട്ടനായിരുന്നു. പെരുന്തച്ചന്‍, സര്‍ഗം, പരിണയം, അങ്ങിനെ എത്ര സിനിമകള്‍. അവസാന സിനിമകളിലൊന്ന് എന്റെത് ആണെന്നറിയുമ്പോള്‍ സങ്കടം സഹിക്കാന്‍ പറ്റുന്നില്ല വേണുവേട്ടാ.

വന്നു അവസാനമായി ഒന്നുകാണാന്‍ പറ്റുന്നില്ലല്ലോ, ഞാന്‍ സ്ഥലത്തില്ലാതെ പോയല്ലോ എന്നോര്‍ത്ത് ഞാന്‍ ഏറെ ദുഃഖിക്കുന്നു. എപ്പോ കണ്ടാലും പാട്ടും തമാശയും സ്‌നേഹവാല്‍സല്യങ്ങളും ചൊരിയുന്ന എന്റെ മാനസഗുരു. എന്റെ ചേട്ടന്‍. തീരാനഷ്ടം. ആദരാജ്ഞലികള്‍…പ്രണാമം…

അരങ്ങിലും അഭ്രപാളിയും താളലയ ചാരുതയുള്ള അഭിനയത്തിന്റെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ മലയാളിക്ക് സമ്മാനിച്ച നടനാണ് നെടുമുടി വേണു. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.