ആക്ഷനും എന്റര്‍ടെയ്ന്‍മെന്റും അടങ്ങിയ ഒരു കംപ്ലീറ്റ് പാക്കേജാണ് മധുരരാജ, പോക്കിരി രാജ കണ്ടവര്‍ക്ക് പെട്ടെന്ന് മനസ്സിലാവും, സൗത്ത് ലൈവ് സ്റ്റാര്‍ടോക്കില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടി

ആക്ഷനും എന്റര്‍ടെയ്ന്‍മെന്റുമൊക്കെ ഒത്തു ചേര്‍ന്ന ഒരു കംപ്ലീറ്റ് പാക്കേജായിരിക്കും മധുരരാജയെന്ന് മമ്മൂട്ടി. പോക്കിരി രാജയില്‍ നിന്ന് സാങ്കേതികമായും കഥാപരമായും മധുരരാജ വളര്‍ന്നിട്ടുണ്ട്. വ്യത്യസ്തമായ കഥാപരിസരം. പുതിയ കഥാപാത്രങ്ങള്‍ അങ്ങിനെ ആക്ഷന്റെ, എന്റര്‍ടെയിന്‍മെന്റിന്റെ ഒക്കെ ഒരു കംപ്ലീറ്റ് പാക്കേജാണ് മധുരരാജ. സൗത്ത് ലൈവ് സ്റ്റാര്‍ ടോക്കില്‍ മമ്മൂട്ടി പറഞ്ഞു. രണ്ടാം ഭാഗം വരുമ്പോള്‍ പുതുതായി എന്താണ് അതിലുള്ളതെന്ന് ചോദിച്ചാല്‍ പുതിയ കഥയും കഥാപാത്രങ്ങളും തന്നെ എന്നാണ് തനിക്ക് നല്‍കാനുള്ള ഉത്തരമെന്നും. മുന്‍ സിനിമയിലെ പോരായ്മകള്‍ പരിഹരിച്ചാണ് രണ്ടാം ഭാഗം സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിലെ ജയുടെ കഥാപാത്രം സിനിമയില്‍ വളരെ റലവന്റാണ്. പോക്കിരിരാജ കണ്ടിട്ടുള്ളവര്‍ക്ക് ഈ കഥാപാത്രത്തെ കുറിച്ച് പെട്ടെന്ന് പിടികിട്ടും. ഈ കഥാപാത്രമായി ജയ് എന്തുകൊണ്ട് വരുന്നുവെന്ന് ഒന്നാം ഭാഗം ഒരിക്കല്‍ കൂടി കണ്ടാല്‍ ആ കഥാപാത്രം ആരെന്ന് മനസ്സിലാകുമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

അതേസമയം, പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തമിഴ് താരം ജയ്യും പ്രധാന വേഷത്തിലെത്തുന്നു. അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍. ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍,സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ , ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്,ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവര്‍ മറ്റു പ്രധാന താരങ്ങളാകുന്നു.

സണ്ണി ലിയോണും ഐറ്റം ഡാന്‍സുമായി ചിത്രത്തിലെത്തുന്നുണ്ട്.ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. ഷാജി കുമാറാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റേതാണ് സംഗീതം. ചിത്രം ഏപ്രില്‍ 12 ന് തിയേറ്ററുകളിലെത്തും.