ഇന്നത്തെ മലയാള സിനിമകള്‍ ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് പോലെ, സദ്യയുടെ രുചി നല്‍കാനാവില്ല, പ്രണയവും വികാരവുമില്ല: ബാബു ആന്റണി

ഇന്നത്തെ മലയാള സിനിമകള്‍ ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് പോലെയാണെന്ന് നടന്‍ ബാബു ആന്റണി. ഇപ്പോള്‍ കൂടുതലും യുവ തലമുറയെ മാത്രം ലക്ഷ്യമാക്കിയിട്ടുള്ള ചിത്രങ്ങളാണ്. ഓര്‍ത്തിരിക്കാന്‍ ഒന്നും അവശേഷിപ്പിക്കാതെ കണ്ട് കടന്നു പോകുന്നു എന്നൊരു തോന്നലാണ് തനിക്ക് ഉണ്ടാകുന്നതെന്ന് ബാബു ആന്റണി മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

”പ്രേക്ഷകരുടെ മാനസികാവസ്ഥ മാറിയിട്ടില്ല. സാഹചര്യങ്ങളേ മാറിയിട്ടുള്ളൂ. പക്ഷേ, ഇപ്പോള്‍ കൂടുതലും യുവ തലമുറയെ മാത്രം ലക്ഷ്യമാക്കിയിട്ടുള്ള ചിത്രങ്ങളാണു മലയാളത്തില്‍ ഇറങ്ങുന്നതെന്നു തോന്നിയിട്ടുണ്ട്. വേഗമുണ്ട് പക്ഷേ, പലതിനും ആഴമില്ല. നല്ല പ്രണയമോ വികാരങ്ങളോ ഒന്നും അധികം കാണാനില്ല.”

”വീടുകളിലും, നമ്മുടെ പ്രായമായ അപ്പനും അമ്മയ്ക്കും അമ്മാവന്‍മാര്‍ക്കും ആന്റിമാര്‍ക്കുമൊക്കെ ഒരുപോലെ ആസ്വദിക്കാനാവുന്നതാകണം സിനിമ. ഇപ്പോള്‍ ഇറങ്ങുന്ന മിക്ക സിനിമകളും ഓര്‍ത്തിരിക്കാന്‍ ഒന്നും അവശേഷിപ്പിക്കാതെ കണ്ട് കടന്നു പോകുന്നു എന്നൊരു തോന്നല്‍ എനിക്കുണ്ട്. ഇന്‍സ്റ്റന്റ് ന്യൂഡില്‍സാണ് അവ. സദ്യയുടെ രുചി നല്‍കാനാവുന്നില്ല” എന്ന് നടന്‍ പറയുന്നു.

Read more

അതേസമയം, പൊന്നിയിന്‍ സെല്‍വന്‍, പവര്‍സ്റ്റാര്‍ എന്നീ സിനിമകളാണ് ബാബു ആന്റണിയുടെതായി ഒരുങ്ങുന്നത്. മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ കോട്ടികന്‍ എന്ന രാജാവിന്റെ വേഷത്തിലാണ് ബാബു ആന്റണി എത്തുന്നത്. സംവിധായകന്‍ ഒമര്‍ലുലു ആണ് പവര്‍സ്റ്റാര്‍ ഒരുക്കുന്നത്.