'വിജയ് അല്ലു അര്‍ജുനേക്കാള്‍ വലിയ നര്‍ത്തകനെന്ന് ശ്യാം, പരിഹാസവുമായി പ്രേക്ഷകര്‍

ഈ വര്‍ഷം ഇറങ്ങിയ ചിത്രങ്ങളില്‍ അല്ലു അര്‍ജുന്‍, എന്‍ടിആര്‍, രാം ചരണ്‍, വിജയ് എന്നിവരുടെ നൃത്തച്ചുവടുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ വിജയ്യാണ് ഏറ്റവും മികച്ച നര്‍ത്തകന്‍ എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ശ്യാം. അല്ലുവിനെക്കാള്‍ മികച്ച നര്‍ത്തകനാണ് വിജയ് എന്നാണ് ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്.

‘വിജയ് ഒരു മികച്ച നര്‍ത്തകനാണ്. അല്ലു അര്‍ജുനേക്കാള്‍ മികച്ച നര്‍ത്തകനാണ് വിജയ്. അല്ലു അര്‍ജുന്‍ പോലും ഈക്കാര്യം സമ്മതിക്കും’, ശ്യാം വ്യക്തമാക്കി. ശ്യാമിന്റെ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് വിജയിയെ പരിഹസിച്ച് രംഗത്തെത്തിയത്.

‘മഹേഷ് ബാബു ചിത്രങ്ങള്‍ റീമേക്ക് ചെയ്തും അല്ലു അര്‍ജുന്റെ നൃത്തചുവടുകള്‍ കോപ്പി അടിച്ചുമാണ് വിജയ് താരമായത്’, എന്ന് അര്‍ത്ഥമാക്കുന്നതായിരുന്നു പലരുടെയും കമന്റ്. വിജയ്യുടെ മനസ്സില്‍ ഇടംപിടിക്കാനും അദ്ദേഹത്തിന്റെ സിനിമകളില്‍ ചില വേഷങ്ങള്‍ നേടാനുമാണ് ശ്യാം ശ്രമിക്കുന്നതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

വാരിസാണ് വിജയുടെ പുതിയ ചിത്രം. ഈ ചിത്രത്തില്‍ ഒരു ആപ്പ് ഡിസൈനറായിട്ടാണ് എത്തുന്നത്. വിജയ് രാജേന്ദ്രന്‍ എന്നായിരിക്കും താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം. സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്.

വിജയ്യും എസ് ജെ സുര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘വാരിസ്’. രശ്മിക മന്ദാനയാണ് നായിക. പ്രഭു, ജയസുധ, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന താരങ്ങളാണ്.