22 വർഷങ്ങൾക്ക് ശേഷം കരിക്കാമുറി ഷൺമുഖനായി മമ്മൂട്ടി തിരിച്ചെത്തുന്നു; വൈറല്‍ ആയി രഞ്ജിത്ത് ചിത്രത്തിന്‍റെ ലൊക്കേഷന്‍ സ്റ്റില്‍

തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നായ ‘ബ്ലാക്ക്’ എന്ന ചിത്രത്തിലെ കരിക്കാമുറി ഷൺമുഖനായി മമ്മൂട്ടി തിരിച്ചെത്തുന്നു. ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും ആ കഥാപാത്രം ഏവരും ഏറ്റെടുത്തിരുന്നു. എന്നാൽ ഇത്തവണ മമ്മൂട്ടി നായകനായല്ല, അതിഥി വേഷത്തിലായിരിക്കും താരം പ്രത്യക്ഷപ്പെടുക.

രഞ്ജിത്താണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് എന്നാണ് റിപോർട്ടുകൾ. ‘തുടരും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രകാശ് വർമ്മയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. രഞ്ജിത്തും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഉദയ്കൃഷ്ണയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. അഭിരാമിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

അഞ്ച് ദിവസത്തെ ഷൂട്ടിംഗ് ഷെഡ്യൂളാണ് ചിത്രത്തിനായി അദ്ദേഹം ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഷൺമുഖനായി മമ്മൂട്ടി അഭിനയിക്കുന്ന ഒരു ലൊക്കേഷൻ സ്റ്റിൽ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. എട്ട് വർഷം മുമ്പാണ് രഞ്ജിത്ത് അവസാനമായി ഒരു ഫീച്ചർ ഫിലിം സംവിധാനം ചെയ്തത്. 2018 ൽ മോഹൻലാലിനെ നായകനാക്കി പുറത്തിറങ്ങിയ ‘ഡ്രാമ’ ആയിരുന്നു രഞ്ജിത്തിന്റെ അവസാന ചിത്രം.