മലയാളി പവർ എന്താണെന്ന് ലോകത്തിന് മുൻപിൽ കാണിച്ച് സാക്ഷാൽ സഞ്ജു സാംസൺ. ഒരു സൈഡിൽ നിന്ന് വിക്കറ്റുകൾ വീഴുമ്പോൾ രക്ഷകനായി അവതരിച്ചിരുന്ന വിരാട് കൊഹ്‌ലിയെ ഓർമിപ്പിക്കുന്ന വിധം പ്രകടനം നടത്തി ഇന്ത്യയെ സെമിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ് സഞ്ജു സാംസൺ.
ഇപ്പോഴിതാ സഞ്ജുവിന്റെ ഇന്നിങ്സിനെയും തിരിച്ചുവരവിനെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ താരം സുനിൽ ഗവാസ്കർ. അർഹിച്ച വിജയം ഒടുവിൽ സഞ്ജുവിനെ തേടിയെത്തിയെന്നാണ് ഗവാസ്കർ അഭിപ്രായപ്പെട്ടത്. സഞ്ജുവിന്റെ മികച്ച പ്രകടനം എല്ലാവരും ആഗ്രഹിച്ചിരുന്നെന്നും സന്തോഷമുണ്ടെന്നും ഗവാസ്കർ പറഞ്ഞു.
Read more
‘ആ 97 നോട്ടൗട്ട് പ്രകടനം സഞ്ജുവിന്റെ ചുമലിലുള്ള ഭാരം മാത്രമല്ല, അവൻ മികച്ച കളിക്കാരനാണെന്ന് കരുതുന്ന എല്ലാവരുടെയും ചുമലിലുള്ള ഭാരമാണ് എടുത്തുകളഞ്ഞത്. അദ്ദേഹത്തിന് ഒരുപാട് ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ട്. സഞ്ജു ഒരു നല്ല മനുഷ്യനായതുകൊണ്ട് അദ്ദേഹത്തിന്റെ ഉയർച്ചകളും താഴ്ചകളും നമുക്കും അനുഭവപ്പെട്ടിരുന്നു. എല്ലാവരും അവൻ നന്നായി കളിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടായിരുന്നു. സഞ്ജുവിനെ പോലെയുള്ള ആത്മാർത്ഥതയുള്ള കളിക്കാരന് ഒടുവിൽ അർഹിക്കുന്ന വിജയം ലഭിച്ചതിൽ എല്ലാ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും സന്തോഷിക്കുന്നുണ്ട്‘, ഗവാസ്കർ സ്റ്റാർ സ്പോർട്സ് ഷോയിൽ പറഞ്ഞു.







