വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന മത്സരത്തിൽ ഇന്ത്യ 5 വിക്കറ്റിന് വിജയിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസന്റെ മികവിലായിരുന്നു ഇന്ത്യക്ക് ജയം സ്വന്തമാക്കാനായത്. മത്സരത്തിലെ വിജയ റൺ നേടിയ ശേഷം ഹെൽമെറ്റ് എറിഞ്ഞ് സെലിബ്രേഷനും സഞ്ജു നടത്തിയിരുന്നു. ഇപ്പോഴിതാ തന്റെ സെലിബ്രേഷൻ കാരണം ഐസിസി സഞ്ജുവിനെതിരെ നടപടിക്ക് ഒരുങ്ങുകയാണ്.
കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിലെ സഞ്ജുവിന്റെ വിജയാഹ്ളാദ പ്രകടനമാണ് താരത്തിന് തിരിച്ചടിയായത്. വിൻഡീസിനെതിരായ മത്സരത്തിൽ വിജയം സ്വന്തമാക്കിയതിന് പിന്നാലെ സഞ്ജു നടത്തിയ ആഘോഷപ്രകടനങ്ങൾ ഐസിസി നിരീക്ഷിച്ചുവരികയാണെന്നും താരത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സാധ്യതയുണ്ടെന്നുമാണ് സൂചന.
Read more
വിജയ ബൗണ്ടറി കണ്ടെത്തിയതിന് ശേഷം ബാറ്റും ഹെല്‍മറ്റും ഗ്രൗണ്ടിലിട്ട് താരം മുട്ടുകുത്തിനിന്ന് പ്രാര്‍ത്ഥിക്കുക മാത്രമാണ് സഞ്ജു ചെയ്തത്. എന്നാല്‍ ഹെല്‍മറ്റും, ബാറ്റും ഗ്രൗണ്ടിലേക്ക് ഇട്ടത് സഞ്ജുവിന് തിരിച്ചടിയാകുമോയെന്നാണ് ആശങ്ക. ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരം ‘ക്രിക്കറ്റ് ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുന്നത്’ കുറ്റകരമാണ്. ദേഷ്യം കൊണ്ടോ അമിതാവേശം കൊണ്ടോ ഹെൽമറ്റ്, ബാറ്റ്, സ്റ്റംപ് എന്നിവ എറിയുന്നതും ഇതിൽ ഉൾപ്പെടും. സഞ്ജുവിന്റെ പ്രവർത്തി ഒരു ലെവൽ 1 കുറ്റമായി കണക്കാക്കാനാണ് സാധ്യത. ഇതിന് മാച്ച് ഫീയുടെ 50 ശതമാനം വരെ പിഴയും ഒന്നോ രണ്ടോ ഡിമെറിറ്റ് പോയിന്റുകളുമാണ് സാധാരണ ലഭിക്കാറുള്ളത്.







