അന്താരാഷ്ട്ര ക്രിക്കറ്റിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ പേരിലായിരുന്ന ദീർഘകാലത്തെ റെക്കോർഡ് മറികടന്നുകൊണ്ട്, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 28,000 റൺസ് തികയ്ക്കുന്ന താരമെന്ന ബഹുമതി കോഹ്‌ലി സ്വന്തം പേരിലാക്കി.
ന്യൂസിലൻഡിനെതിരെ വഡോദരയിൽ നടന്ന ആദ്യ ഏകദിന മത്സരത്തിലാണ് കോഹ്‌ലി ഈ അപൂർവ്വ നാഴികക്കല്ല് പിന്നിട്ടത്. സച്ചിൻ ടെണ്ടുൽക്കറേക്കാൾ 20 ഇന്നിങ്‌സുകൾ കുറവ് കളിച്ചാണ് കോഹ്‌ലി ഈ നേട്ടത്തിലെത്തിയത്. സച്ചിൻ 644 ഇന്നിങ്‌സുകളിൽ നിന്ന് 28,000 റൺസ് നേടിയപ്പോൾ, കോഹ്‌ലിക്ക് ഈ നേട്ടത്തിലെത്താൻ വെറും 624 ഇന്നിങ്‌സുകൾ മാത്രമേ വേണ്ടിവന്നുള്ളൂ.
അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ 28,000 റൺസ് പിന്നിടുന്ന മൂന്നാമത്തെ മാത്രം താരമാണ് വിരാട് കോഹ്‌ലി. സച്ചിൻ ടെണ്ടുൽക്കർ, ശ്രീലങ്കൻ മുൻ ക്യാപ്റ്റൻ കുമാർ സംഗക്കാര (666 ഇന്നിങ്‌സുകൾ) എന്നിവരാണ് ഇതിനുമുമ്പ് ഈ പട്ടികയിൽ ഇടംപിടിച്ചവർ.
Read more
കോഹ്‌ലിക്ക് പുറമെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും ഈ മത്സരത്തിൽ ഒരു റെക്കോർഡ് നേട്ടം സ്വന്തമാക്കി. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലുമായി 650 സിക്സറുകൾ തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ ബാറ്റർ എന്ന അപൂർവ്വ നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്.







