തൃക്കാക്കരയില്‍ വീണ്ടും സിപിഎം സ്വതന്ത്രന്‍!; മുന്‍ എംപി സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ റോണ്‍ ബാസ്റ്റിന്‍ ഇടത് സ്ഥാനാര്‍ത്ഥിയായേക്കും

നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കാക്കര മണ്ഡലത്തില്‍ വീണ്ടും സ്വതന്ത്ര പരീക്ഷണത്തിന് സിപിഎം ഒരുങ്ങുന്നു. മുന്‍ എംപി സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ റോണ്‍ ബാസ്റ്റിന്‍ തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയായേക്കുമെന്നാണ് സൂചന. ജില്ലാ നേതൃത്വം റോണിന്റെ പേര് ശുപാര്‍ശ ചെയ്തതായാണ് വിവരം.

എന്നാല്‍ സ്ഥാനാര്‍ഥിത്വത്തെ പറ്റി തനിക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് റോണ്‍ ബാസ്റ്റിന്റെ പ്രതികരണം. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗമാണ് അഭിഭാഷകന്‍ കൂടിയായ റോണ്‍. 2016ല്‍ തൃക്കാക്കരയില്‍ ഇടത് സ്വതന്ത്രനായ സെബാസ്റ്റ്യന്‍ പോളും 21ല്‍ സിപിഎം സ്വതന്ത്രനായി ഡോ ജെ ജേക്കബും പിടി തോമസ് എംഎല്‍എ മരിച്ചതിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്വതന്ത്രനായി ഡോ. ജോ ജോസഫുമാണ് മല്‍സരിച്ചത്.

Read more

1997ല്‍ ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ എറണാകുളത്ത് കോണ്‍ഗ്രസിന്റെ ആന്റണി ഐസക്കിനെ തോല്‍പ്പിച്ചു കൊണ്ടാണ് ഇടത് സ്വതന്ത്രനായ സെബാസ്റ്റ്യന്‍ പോള്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നത്. 98ല്‍ ജോര്‍ജ് ഈഡനോട്് പരാജയം രുചിച്ചു. എന്നാല്‍ അതേവര്‍ഷം നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ എറണാകുളം എംഎല്‍എയായി. 2001 തിരഞ്ഞെടുപ്പില്‍ പക്ഷേ കെ വി തോമസിനോട് പരാജയപ്പെട്ടു. പിന്നീട് 2003ലെ ലോക്‌സഭ ഉപതിരഞ്ഞെടുപ്പിലും 2004ലെ പൊതുതിരഞ്ഞെടുപ്പിലും എറണാകുളത്ത് സെബാസ്റ്റ്യന്‍ പോള്‍ വിജയം ആവര്‍ത്തിച്ചു.