റൺ മെഷീനിൽ നിന്നും റെക്കോർഡ് മെഷീനിലേക്ക്; വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി

ബറോഡയിൽ ന്യുസിലാൻഡിനെതിരെ നടന്ന ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് 4 വിക്കറ്റ് വിജയം. ന്യുസിലാൻഡ് ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം ആറ് പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. ബാറ്റിംഗിൽ വിരാട് കോഹ്ലി, ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹർഷിത് റാണ എന്നിവർ മികച്ച പ്രകടനമാണ് നടത്തിയത്.

ഇപ്പോഴിതാ ആദ്യ മത്സരത്തില്‍ തന്നെ റെക്കോർഡ് വേട്ട തുടർന്നിരിക്കുകയാണ് വിരാട് കോഹ്‌ലി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡാണ് കോഹ്ലി സ്വന്തമാക്കിയിരിക്കുന്നത്. ഈ ചരിത്രനേട്ടത്തില്‍ ഇതിഹാസതാരം കുമാര്‍ സംഗക്കാരയെ മറികടന്നാണ് ഇന്ത്യയുടെ റൺമെഷീൻ രണ്ടാമനായത്.

മറുപടി ബാറ്റിംഗിൽ രോഹിത് ( 26 ) തകർപ്പൻ തുടക്കം നൽകി മടങ്ങിയ ശേഷം ഗില്ലിന് കൂട്ടായി വന്നത് കോഹ്‌ലിയാണ്. ഇരുവരും മനോഹരമായി കളിച്ചു മുന്നേറിയപ്പോൾ ഇന്ത്യ ജയം ഉറപ്പിച്ചതാണ്. അതിനിടെ 56 റൺ നേടിയ ഗിൽ മടങ്ങി. ശേഷമൊട്ട കോഹ്‌ലിക്ക് ഒപ്പം ചേർന്ന അയ്യർ, ഗിൽ മടങ്ങിയ കുറവ് അറിയിക്കാതെ നന്നായി കളിച്ചു. അവസാന 5 മത്സരങ്ങളിലെ തന്റെ സ്വപ്നതുല്യമായ ഫോം തുടർന്ന കോഹ്‌ലി 93 റൺസെടുത്ത് പുറത്തായി. കേവലം 7 റൺസ് അകലെ അർഹിച്ച സെഞ്ച്വറി നഷ്ടമായത് ആരാധകരെ നിരാശരാക്കിയെങ്കിലും ഇന്ത്യൻ സ്കോർ ബോർഡിനെ അദ്ദേഹം സുരക്ഷിത സ്ഥാനത്തെത്തിച്ചിരുന്നു.

എന്നാൽ കോഹ്‌ലിയുടെ വിക്കറ്റ് എടുത്ത ജാമിസൺ തുടരെ ജഡേജ (4 ) അയ്യർ (49 ) എന്നിവരെ മടക്കിയതോടെ ഇന്ത്യ സമർദ്ദത്തിലായി. ശേഷം രാഹുലിനൊപ്പം ചേർന്ന ഹർഷിത് റാണ( 29 ) മിനി വെടിക്കെട്ടിലൂടെ സമ്മർദ്ദം ഒഴിവാക്കി. റാണ മടങ്ങിയപ്പോൾ സുന്ദറിനെ (7 ) സാക്ഷിയാക്കി കെഎൽ രാഹുൽ (29 ) ഇന്ത്യയെ ഒരു ഓവർ ബാക്കി നിൽക്കെ വിജയവര കടത്തി. കിവീസിനായി ജാമിസൺ 4 വിക്കറ്റ് നേടി തിളങ്ങി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത കിവീസിനെ 301 റൺസിൽ ഒതുക്കുന്നതിൽ രണ്ട് വിക്കറ്റ് വീതം നേടിയ സിറാജ്, ഹർഷിത്, പ്രസീദ് എന്നിവർ നിർണായക പങ്ക് വഹിച്ചു.