IND vs NZ: റെക്കോഡുകളുടെ ഹിറ്റ്മാൻ, അന്താരാഷ്ട്ര ക്രിക്കറ്റിൽ 650 സിക്സറുകൾ; ചരിത്രം കുറിച്ച് രോഹിത് ശർമ്മ

അന്താരാഷ്ട്ര ക്രിക്കറ്റിൽ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ഇന്ത്യൻ താരം രോഹിത് ശർമ്മ. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലുമായി 650 സിക്സറുകൾ തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ ബാറ്റർ എന്ന അപൂർവ്വ നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. വഡോദരയിലെ ബി.സി.എ (BCA) സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരെ നടന്ന ഒന്നാം ഏകദിന മത്സരത്തിനിടെയായിരുന്നു ഈ ചരിത്ര നേട്ടം.

ന്യൂസിലൻഡ് ഉയർത്തിയ 301 റൺസ് എന്ന വിജയലക്ഷ്യം പിന്തുടരുന്നതിനിടെയാണ് രോഹിത് തന്റെ 650-ാം സിക്സർ പറത്തിയത്. കൗൾ ജാമിസൺ എറിഞ്ഞ പന്ത് അതിർത്തി കടത്തിയാണ് രോഹിത് ഈ മാന്ത്രിക സംഖ്യയിൽ എത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 600 സിക്സറുകൾ എന്ന കടമ്പ കടന്ന ഏക താരം എന്ന പദവിയും ഇതിനകം രോഹിത്തിന്റെ പേരിലുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ വിൻഡീസ് താരം ക്രിസ് ഗെയ്‌ൽ (553), പാക് താരം ഷാഹിദ് അഫ്രീദി (476) എന്നിവരെ രോഹിത് നേരത്തെ തന്നെ പിന്നിലാക്കിയിരുന്നു. നിലവിൽ ഏകദിനത്തിൽ 357 സിക്സറുകളും ടി20യിൽ 205 സിക്സറുകളും ടെസ്റ്റ് ക്രിക്കറ്റിൽ 88 സിക്സറുകളും രോഹിത്തിന്റെ പേരിലുണ്ട്.

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരമെന്ന ഷാഹിദ് അഫ്രീദിയുടെ റെക്കോർഡും രോഹിത് അടുത്തിടെ മറികടന്നിരുന്നു. അതേസമയം മത്സരത്തിൽ താരം രണ്ട് സിക്സിന്റെയും മൂന്ന് ഫോറിന്റെയും അകമ്പടിയിൽ 29 ബോളിൽ 26 റൺസെടുത്ത് പുറത്തായി.