IND VS NZ: 'എന്ത് അസംബന്ധമാണിത്'; കമന്ററി ബോക്സിൽ അസ്വസ്തത പരസ്യമാക്കി ഹർഷ ഭോഗ്‍ലെ

ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെ യുവ പേസർ ഹർഷിത് റാണയെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പ്രചരണങ്ങൾക്കെതിരെ രൂക്ഷ പ്രതികരണവുമായി പ്രമുഖ ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‍ലെ. വഡോദരയിൽ നടന്ന മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണത്തിനിടെയാണ് ഭോഗ്‍ലെ തന്റെ നിലപാട് വ്യക്തമാക്കിയത്.

ഹർഷിത് റാണയെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചില നിരീക്ഷണങ്ങളെയും വാർത്തകളെയും ‘അസംബന്ധം’ (Nonsense) എന്നാണ് ഭോഗ്‍ലെ വിശേഷിപ്പിച്ചത്. അനാവശ്യമായ ഇത്തരം നറേറ്റീവുകൾ യുവതാരങ്ങളെക്കുറിച്ച് പടച്ചുവിടുന്നത് നിർത്തേണ്ട സമയമായെന്ന് അദ്ദേഹം തുറന്നടിച്ചു. കമന്ററി ബോക്സിൽ വെച്ച് വളരെ ഗൗരവത്തോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“ഹർഷിത് റാണയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വായിക്കുമ്പോൾ എനിക്ക് അസ്വസ്ഥത തോന്നുന്നു. ആ അസംബന്ധങ്ങളെല്ലാം വായിക്കേണ്ടി വരാതിരിക്കാൻ ഞാൻ എന്റെ അൽഗോരിതം ട്യൂൺ ചെയ്യേണ്ടിവന്നു. ഇന്ത്യയുടെ മുൻനിര വിക്കറ്റ് വേട്ടക്കാരിൽ ഒരാളാണ് അദ്ദേഹം,” കമന്ററി ബോക്സിൽ ഇരിക്കുമ്പോൾ ഭോഗ്‍ലെ പറഞ്ഞു.

മത്സരത്തിൽ ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരാധകർക്കിടയിൽ വലിയ ചർച്ചകൾ നടന്നിരുന്നു. അർഷ്ദീപ് സിംഗിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താത്തതിനെതിരെ ആർ.അശ്വിൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് ഹർഷിത് റാണയെ സംബന്ധിച്ച ചില വ്യാജ പ്രചരണങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായത്.

യുവതാരങ്ങളെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നതിനെതിരെ ഹർഷ ഭോഗ്‍ലെ നടത്തിയ ഈ ഇടപെടൽ ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.