ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് അന്വേഷണസംഘം. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും പുറത്തിറങ്ങിയാല്‍ അതിജീവിതമാരെ ഭീഷണിപ്പെടുത്താനും അപായപ്പെടുത്താനും സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതി എംഎല്‍എ ആയതിനാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഫോണിന്റെ ലോക്ക് അടക്കം കൈമാറാന്‍ വിസമ്മതിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മജിസ്‌ട്രേറ്റിന് മുന്നില്‍ അന്വേഷണ സംഘം ഹാജാരാക്കുകയും പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് രാഹുലിനെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. രാഹുലിനെ ഉടന്‍ മാവേലിക്കര സ്‌പെഷല്‍ സബ് ജയിലിലേക്ക് മാറ്റും. ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് കോടതി തള്ളുകയായിരുന്നു. വലിയ പ്രതിഷേധമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതിയിലേക്കും വൈദ്യപരിശോധനയ്ക്കും എത്തിച്ചപ്പോള്‍ ഉണ്ടായത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് മടങ്ങവേ ഡിവൈഎഫ്‌ഐ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധവുമായി എത്തിയിരുന്നു. സുരക്ഷയ്ക്കായി വന്‍ പൊലീസ് സന്നാഹമാണു ഉണ്ടായിരുന്നത്. രാഹുല്‍ സഞ്ചരിച്ചിരുന്ന പൊലീസ് വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സംഘര്‍ഷം രൂക്ഷമായി. ആശുപത്രിയിലേക്ക് കയറുന്നതിനിടെ രാഹുലിനെതിരെ കയ്യേറ്റ ശ്രമവും ഉണ്ടായി.
മൂന്നാമത്തെ ബലാത്സംഗപരാതിയിലാണ് രാഹുല്‍ അറസ്റ്റിലായത്. തിരുവല്ല സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കിയ ബലാത്സംഗംചെയ്‌തെന്നും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചെന്നുമുള്ള പരാതിയിലാണ് കേസ് രജിസ്റ്റര്‍ചെയ്തത്. കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഞായറാഴ്ച പുലര്‍ച്ചെ പാലക്കാട്ടെ ഹോട്ടലില്‍നിന്ന് പ്രത്യേക അന്വേഷണസംഘം(എസ്‌ഐടി) അറസ്റ്റ്‌ചെയ്തു. പരാതി പുറത്തറിയാതിരിക്കാനും രാഹുല്‍ ഒളിവില്‍പോവുകയോ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയോ ചെയ്യാതിരിക്കാനും പൊലീസ് അതീവജാഗ്രതയാണ് പുലര്‍ത്തിയത്. അതിനാല്‍ തന്നെ മൂന്നാമത്തെ കേസില്‍ അതീവരഹസ്യമായിരുന്നു പൊലീസ് നടപടികള്‍. പാലക്കാട്ടെ ഹോട്ടലില്‍ പൊലീസ് സംഘം എത്തിയപ്പോഴാണ് രാഹുല്‍ മൂന്നാമത്തെ കേസിനെക്കുറിച്ച് അറിഞ്ഞത്. ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് അറസ്റ്റിന് വഴങ്ങി. പിന്നാലെ പ്രതിയെയും കസ്റ്റഡിയിലെടുത്ത് പൊലീസ് സംഘം പത്തനംതിട്ടയിലേക്ക് തിരിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മറ്റു രണ്ട് ലൈംഗിക പീഡന പരാതികള്‍ വന്നതോടെ തന്നെ ഭീഷണിപ്പെടുത്തിയെന്ന് മൂന്നാം പരാതിക്കാരിയായ യുവതി വ്യക്തമാക്കി. പരാതിയുമായി മുന്നോട്ടുവരുമെന്ന് കരുതിയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണിപ്പെടുത്തിയത്. മാതാപിതാക്കളെയും സഹോദരിയെയും ഇല്ലാതാക്കുമെന്നുമായിരുന്നു രാഹുലിന്റെ ഭീഷണിയെന്നും പരാതിയില്‍ യുവതി വ്യക്തമാക്കിയിട്ടുണ്ട്.
അതിക്രൂരമായ ബലാത്സംഗമാണ് നേരിട്ടതെന്നും സാമ്പത്തികമായും വലിയരീതിയില്‍ ചൂഷണംചെയ്‌തെന്നും പരാതിയില്‍ ആരോപിക്കുന്നു. വിവാഹബന്ധത്തില്‍ പ്രശ്‌നമുണ്ടായ ഘട്ടത്തിലാണ് രാഹുല്‍ സൗഹൃദം സ്ഥാപിച്ചത്. സാമൂഹികമാധ്യമം വഴി ചാറ്റിങ് പതിവായി. വിവാഹജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേരിട്ടുകാണാമെന്ന് രാഹുല്‍ പറഞ്ഞു. പുറത്തുവെച്ച് കാണാമെന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍, രാഹുല്‍ ഹോട്ടല്‍മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തു. മുഖത്തടിച്ചു. മുഖത്തേക്ക് തുപ്പി. ഇതിനുശേഷം വിവാഹംചെയ്‌തോളാമെന്ന് വാഗ്ദാനംചെയ്തു. താനുമായുള്ള ബന്ധം അകലാതിരിക്കാന്‍ ഒരു കുഞ്ഞുവേണമെന്ന് രാഹുല്‍ നിര്‍ബന്ധിച്ചു. എന്നാല്‍, ഗര്‍ഭം ധരിച്ചപ്പോള്‍ രാഹുലിന്റെ സ്വഭാവംമാറി. ഗര്‍ഭത്തെ സംശയിച്ചു. മറ്റൊരാളുടെ ഗര്‍ഭമാണെന്ന് പറഞ്ഞ് പുച്ഛിച്ചു. ഗര്‍ഭം രാഹുലിന്റേതാണെന്ന് തെളിയിക്കാന്‍ താന്‍ മെഡിക്കല്‍ ഏജന്‍സിയെ സമീപിച്ചു. ഡിഎന്‍എ സാമ്പിളിനായി രാഹുലിനെ സമീപിച്ചെങ്കിലും രാഹുല്‍ അതിന് തയ്യാറായില്ല. ഇതിനിടെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു. ഗര്‍ഭം അലസിപ്പോയി. സംഭവത്തില്‍ പരാതിയുമായി മുന്നോട്ടുപോകുമെന്ന് അടുത്തിടെ രാഹുലിനെ അറിയിച്ചിരുന്നു. എന്നാല്‍, വലിയ ഭീഷണിയാണ് നേരിടേണ്ടിവന്നത്. തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി. വലിയരീതിയില്‍ തന്നെ സാമ്പത്തികമായും ചൂഷണംചെയ്തു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് വിലകൂടിയ വാച്ചും ചെരിപ്പും വസ്ത്രങ്ങളും വാങ്ങാന്‍ പണം ആവശ്യപ്പെട്ടു. ചെരിപ്പിന് പതിനായിരം രൂപ വരെയാണ് നല്‍കിയതെന്നും പരാതിക്കാരി ആരോപിക്കുന്നു.
അതേസമയം യുവതിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നെന്നും ഗര്‍ഭച്ഛിദ്രത്തിന് യുവതിയെ നിര്‍ബന്ധിച്ചിട്ടില്ലെന്നും രാഹുല്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയതായാണ് വിവരം. രാഹുലിനെതിരേ ഉയര്‍ന്ന മൂന്നാമത്തെ ബലത്സംഗപരാതിയിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ആദ്യ കേസില്‍ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാം കേസില്‍ വിചാരണക്കോടതിമുന്‍കൂര്‍ ജനുവരി 21വരെ ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെയാണ് രാഹുലിനെതിരെ മൂന്നാം പരാതി ലഭിച്ചത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ഇതുവരെ രജിസ്റ്റര്‍ചെയ്ത മൂന്ന് ബലാത്സംഗക്കേസുകളിലും പരാതിപ്രകാരം രാഹുല്‍ അതിജീവിതമാരെ ചൂഷണംചെയ്തത് ഒരേരീതിയിലാണ്. ഒരേരീതിയില്‍ ഇവരുമായി അടുപ്പം സ്ഥാപിക്കുകയും കുഞ്ഞുവേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നെന്നാണ് മൂന്ന് പരാതികളിലും പറയുന്നത്. രണ്ടാമത്തെ കേസിലൊഴികെ ബാക്കി രണ്ട് കേസുകളിലും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചെന്ന ആരോപണവും രാഹുലിനെതിരേയുണ്ട്.
Read more
രണ്ട് ബലാത്സംഗക്കേസുകളില്‍ കോടതികളില്‍നിന്ന് താത്കാലിക ആശ്വാസം നേടി, പൊതുപരിപാടികളിലടക്കം വീണ്ടും സജീവമാകുന്നതിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മൂന്നാമത്തെ പരാതിയെത്തിയത്. വിദേശത്തുള്ള തിരുവല്ല സ്വദേശിനിയാണ് മൂന്നാമത്തെ ബലാത്സംഗക്കേസിലെ പരാതിക്കാരി. ഒരാഴ്ച മുന്‍പ് മുഖ്യമന്ത്രിക്കാണ് ഈ യുവതിയും ഇമെയില്‍ മുഖേന പരാതി നല്‍കിയത്. ശബ്ദശകലങ്ങളടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും കൈമാറി. പോലീസിന് പരാതി കൈമാറിയതോടെ എസ്‌ഐടി അന്വേഷണ ഉദ്യോഗസ്ഥ ജി. പൂങ്കുഴലി ഐപിഎസ് വീഡിയോ കോണ്‍ഫറന്‍സ് വഴി പരാതിക്കാരിയുടെ മൊഴിയെടുത്തു.







