'മലയാളം ഇനി ഭരണഭാഷ', ബില്ലിൽ ഒപ്പിട്ട് ഗവർണർ; ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മലയാളം നിർബന്ധമാക്കും

മലയാള ഭാഷ നിർബന്ധമാക്കുന്ന സുപ്രധാന നിർദേശങ്ങളടങ്ങിയ മലയാള ഭാഷ ബില്ലിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഒപ്പിട്ടു. ഗവർണർ അംഗീകാരം നൽകിയതോടെ നിയമം വൈകാതെ പ്രാബല്യത്തിലാകും. അർധസർക്കാർ, പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളിലെല്ലാം ഇവ നടപ്പിലാക്കും.

ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മലയാളം നിർബന്ധമാക്കുക, സർവകലാശാലാ പാഠ്യക്രമങ്ങളിൽ മലയാളം ഒരു പേപ്പറായി പരിഗണിക്കുക, കോടതിഭാഷ, സർക്കാർ ഉത്തരവുകൾ തുടങ്ങിയവ മലയാളത്തിലാക്കുക, മലയാളം പഠനഭാഷയാക്കിയവർക്ക് പ്രൊഫഷണൽ കോഴ്‌സുകളിൽ സംവരണം നൽകുക, പി.എസ്.സി പരീക്ഷകൾ മലയാളത്തിലാക്കുക തുടങ്ങിയവയാണ് ബില്ലിലെ പ്രധാന നിർദേശങ്ങൾ.

മലയാള ഭാഷാ ബിൽ പാസാക്കണമെന്ന് സാംസ്കാരിക നായകർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ യുഡിഎഫ് സർക്കാർ പാസാക്കിയ ബില്ലിന് രാഷ്‌ട്രപതി അനുമതി നൽകിയിരുന്നില്ല. ഇതിനു പിന്നാലെയാണ് സംസ്ഥാന സർക്കാർ ബില്ലുമായി മുന്നോട്ടു പോയത്.