'നോട്ടി ബിനോദിനി' ഐശ്വര്യ റായ് അല്ല കങ്കണ റണാവത്; തലൈവിക്കും എമര്‍ജന്‍സിക്കും ശേഷം അടുത്ത ബയോപിക്

വീണ്ടും ബയോപിക് ചിത്രവുമായി നടി കങ്കണ റണാവത്. നോട്ടി ബിനോദിനി എന്നറിയപ്പെടുന്ന ബംഗാളി നാടക ഇതിഹാസം ബിനോദിനി ദാസിയുടെ ജീവിതം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിലാണ് കങ്കണ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. കങ്കണ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്.

ഐശ്വര്യ റായ് ബിനോദിനിയായി വേഷമിടും എന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പ്രദീപ് സര്‍ക്കാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രദീപ് സര്‍ക്കാരിന്റെ ആരാധികയാണെന്നും അദ്ദേഹത്തൊപ്പം പ്രവര്‍ത്തിക്കാന്‍ സന്തോഷമുണ്ടെന്നും കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

പ്രകാശ് കപാഡിയ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പ്രകാശ് കപാഡിയയോടൊപ്പം തന്റെ ആദ്യ സിനിമയാണിതെന്നും രാജ്യത്തെ ഏറ്റവും മികച്ച കലാകാരന്മാരുമൊത്തുള്ള യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ത്രില്ലിലാണെന്നും കങ്കണ പറഞ്ഞു.

കൊല്‍ക്കത്തയിലെ ലൈംഗികത്തൊഴിലാളികളുടെ കുടുംബത്തില്‍ ജനിച്ച ബിനോദിനി 19-ാം നൂറ്റാണ്ടിലെ ബംഗാളിലെ ഏറ്റവും പ്രശസ്തയായ നടിയായിരുന്നു. സ്വന്തം ആത്മകഥ രചിച്ച തിയറ്ററിലെ ആദ്യത്തെ ദക്ഷിണേഷ്യന്‍ നടിമാരില്‍ ഒരാളാണ് ബിനോദിനി.