‘ഞാന്‍ ലഹരിക്കടിമ ആയിരുന്നു’;കങ്കണയുടെ വൈറലായ വീഡിയോ, കേസെടുക്കാന്‍ പൊലീസ്

Advertisement

താന്‍ മയക്കു മരുന്നിന് അടിമയായിരുന്നു എന്ന് നടി കങ്കണ റണൗട്ട് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മണാലിയിലെ വീട്ടില്‍ നിന്ന് മാര്‍ച്ചില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് വീണ്ടും വൈറലാകുന്നത്.

”വീട്ടില്‍ നിന്നും ഓടിപ്പോയതിന് പിന്നാലെ കുറച്ച് വര്‍ഷത്തിനുള്ളില്‍ ഞാന്‍ ഒരു സിനിമാ താരവും മയക്കുമരുന്നിന് അടിമയുമായി. ജീവിതത്തില്‍ വളരെയധികം കാര്യങ്ങള്‍ സംഭവിച്ചു. അത്തരത്തിലുള്ള ആളുകള്‍ക്കിടയില്‍ അകപ്പെട്ടു. കൗമാര പ്രായത്തിലാണ് ഇതെല്ലാം സംഭവിച്ചത്” എന്നിങ്ങനെയാണ് വീഡിയോയില്‍ പറയുന്നത്.

ഒരു സ്വഭാവ നടന്‍ തന്നെ മയക്കു മരുന്നിന് അടിമയാക്കി എന്ന് പറഞ്ഞും കങ്കണ രംഗത്തെത്തിയിരുന്നു. മുംബൈ പൊലീസ് നടിക്കെതിരായ ലഹരിമരുന്ന് കേസുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് വീഡിയോ വൈറലാകുന്നത്. നടനും കങ്കണയുടെ മുന്‍ കാമുകന്‍ എന്നറിയപ്പെടുന്ന അധ്യായന്‍ സുമനും നടി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി വെളിപ്പെടുത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് കങ്കണയ്ക്കെതിരെ കേസെടുക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പൊലീസിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും അന്വേഷണത്തിനോട് സഹകരിക്കുമെന്നും കങ്കണ അറിയിച്ചിരുന്നു. കെട്ടിടം പൊളിച്ചത് അടക്കം തനിക്കെതിരായ നടപടികളില്‍ പരാതി അറിയിക്കാന്‍ വൈകീട്ട് നാലരയ്ക്ക് കങ്കണ ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിയെ കാണും.