"ഉമ്മൻചാണ്ടിയുടെ അഴിമതി ഒതുക്കി കൊടുത്തത് പിണറായി വിജയൻ ജുഡിഷ്യൽ കമ്മീഷനെ വെച്ച്": ഹരീഷ് വാസുദേവൻ

തിരുവനന്തപുരത്തെ ശംഖുമുഖം ബീച്ച് ആവർത്തിക്കുന്ന കടലാക്രമണത്തിൽ ഇടിഞ്ഞു തീർന്ന് നാശത്തിന്റെ വക്കിലാണ്. കടലിലെ ഒഴുക്കുകളുടെ ഗതി മാറിയെന്നും തിരകളുടെ ശക്തി കൂടിയെന്നും പറയപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ പഠനങ്ങൾ ഉണ്ടായിട്ടില്ല. വിഴിഞ്ഞം തുറമുഖ നിർമ്മാണവും വലിയതുറ ശംഖുമുഖം തീരങ്ങളിലേക്ക് വൻതിരകളെത്താൻ കാരണമായെന്ന് വാദമുണ്ട്.

ശംഖുമുഖം തകർത്തതിൽ, ഇനിയുള്ള തലമുറകൾക്ക് ആ ഭാഗ്യം നിഷേധിക്കുന്നതിൽ, അദാനിയ്ക്കും വിഴിഞ്ഞം പദ്ധതിക്കും ഉള്ള പങ്ക് എന്തെന്ന് ശാസ്ത്രീയമായി അന്വേഷിക്കണം എന്നുപോലും പറയാൻ ആരുണ്ടവിടെ? എന്ന് ചോദിക്കുകയാണ് അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഹരീഷ് വാസുദേവൻ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ.

ഹരീഷ് വാസുദേവന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

ശംഖുംമുഖം ബീച്ച് ഏതൊരു തിരുവനന്തപുരത്തുകാരന്റെയും സ്വകാര്യ അഹങ്കാരമാണ്. അത് ഉത്പാദിപ്പിച്ച സാമൂഹ്യ-സാംസ്കാരിക ഉൽപ്പന്നം സന്തോഷമാണ്. തലമുറകളുടെ ആനന്ദമാണ്. ഒരു GDP കണക്കിലും അതുണ്ടാകില്ല. പക്ഷെ അനുഭവിച്ച മനുഷ്യരുടെ മനസിൽ ഉണ്ടാകും.

അത് തകർത്തതിൽ, ഇനിയുള്ള തലമുറകൾക്ക് ആ ഭാഗ്യം നിഷേധിക്കുന്നതിൽ, അദാനിയ്ക്കും വിഴിഞ്ഞം പദ്ധതിക്കും ഉള്ള പങ്ക് എന്തെന്ന് ശാസ്ത്രീയമായി അന്വേഷിക്കണം എന്നുപോലും പറയാൻ ആരുണ്ടവിടെ?

ഉമ്മൻചാണ്ടിയുടെ ഏറ്റവും വലിയ ഈ അഴിമതി ഒതുക്കി കൊടുത്തത് പിണറായി വിജയൻ ജുഡീഷ്യൽ കമ്മീഷനെ വെച്ച്. CAG റിപ്പോർട്ടിന്മേൽ സി.ദിവാകരൻ ചെയർമാനായ നിയമസഭാ സമിതിക്ക് കുറ്റകരമായ മൗനം. കാരണം അവരോട് തന്നെ അന്വേഷിക്കണം.

കടലിൽ നിർമ്മാണം പാതി പോലും പിന്നിട്ടിട്ടില്ല, ഇതാണ് വടക്ക് തീരത്തിന്റെ സ്ഥിതി. അപ്പോൾ പൂർത്തിയായാലോ?? അനുഭവിക്കേണ്ടത് തിരുവനന്തപുരത്തുകാർ തന്നെ.
നെറികെട്ട രാഷ്ട്രീയക്കാരും മാധ്യമങ്ങളും അപ്പോഴും വിഴിഞ്ഞത്തിനു കണ്ണടച്ച് ജയ് വിളിക്കും.

ആഘാത പഠനവും ആഘാതമില്ലാതാക്കാനുള്ള ശാസ്ത്രീയ സംവിധാനവും ഇല്ലാതെ എന്ത് വികസനമാണ് നിങ്ങളുണ്ടാക്കുന്നത്?
ഞങ്ങൾക്ക് കളിക്കാൻ നിങ്ങൾ കളിച്ച ബീച്ച് എവിടെ എന്നു ചോദിക്കാൻ ഒരു തലമുറ നിങ്ങളുടെ വീട്ടിൽ വളർന്നു വരുന്നുണ്ട്. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിനെയും കൊച്ചുമക്കൾ അതൊരു ദിവസം വിരൽചൂണ്ടി ചോദിക്കും. അന്ന് പറയാൻ കയ്യിൽ അദാനി കൊണ്ടുവരുന്ന പണം മതിയാകില്ല.

Read more

https://www.facebook.com/harish.vasudevan.18/posts/10158644279017640