ഐസ് ബക്കറ്റ്, കികി ചലഞ്ചുകള്‍ വന്നു പോയി; ഇനി തരംഗമാകാന്‍ ‘ബോട്ടില്‍ ക്യാപ് ചലഞ്ച്’

ഐസ് ബക്കറ്റ് ചലഞ്ചിനും ഓടുന്ന വാഹനത്തില്‍ നിന്നും ചാടി ഇറങ്ങി ഡാന്‍സ് കളിക്കുന്ന കികി ചലഞ്ചിനും ശേഷം വൈറലായി പുതിയ ചലഞ്ച്. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കെ തലപൊക്കി തുടങ്ങി. സംഭവം അത്ര എളുപ്പമാവില്ലെന്നാണ് വീഡിയോകളില്‍ നിന്ന് വ്യക്തമാകുന്നത്.

ചെറുതായി മുറുക്കിയ കുപ്പിയുടെ ക്യാപ്, ഒരു ബാക്ക് സ്പിന്‍ കിക്കിലൂടെ തുറക്കുകയാണ് ബോട്ടില്‍ ക്യാപ്  ചലഞ്ച്. കുപ്പിയില്‍ തൊടുക പോലെ ചെയ്യാതെ അതിന്റെ അടപ്പ് തൊഴിച്ചു പറപ്പിക്കണം. ഇതിനോടകം തന്നെ ഹോളിവുഡ് താരം ജേസണ്‍ സ്റ്റാഥം, ഗായകന്‍ ജോണ്‍ മേയര്‍ തുടങ്ങിയവര്‍ ഈ ചലഞ്ചുമായി തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.

മറ്റ് ചലഞ്ചുകളെ പോലെ സാഹസികതയല്ല അല്‍പ്പം കായികക്ഷമത തന്നെയാണ് ‘ബോട്ടില്‍ ക്യാപ്’ ചലഞ്ചിന് വേണ്ടത്. ‘ബോട്ടില്‍ ക്യാപ് ചലഞ്ച് എന്ന ഹാഷ്ടാഗോടെ സംഭവം വൈറലായി കഴിഞ്ഞു.