ആശാ പ്രവർത്തകരുടെ ഓണറേറിയം വർധനവ് പരിഗണനയിലെ ഇല്ലെന്ന് മുഖ്യമന്ത്രി; 'ഇനി ഉയർത്തേണ്ടത് കേന്ദ്രവിഹിതം'

ആശാ പ്രവർത്തകരുടെ ഓണറേറിയം വർധനവ് പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല ഘട്ടങ്ങളിലായി സംസ്ഥാന വിഹിതം വർധിപ്പിച്ചുവെന്നും കേരളം ആശമാർക്ക് നിലവിൽ നൽകുന്നത് 7000 രൂപയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ ചേർന്ന എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇനി ഉയർത്തേണ്ടത് കേന്ദ്രവിഹിതമാണെന്നും മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി.

പാർലമെന്റ് യോഗത്തിന് മുന്നോടിയായായിരുന്നു എംപിമാരുടെ യോഗം വിളിച്ചുചേർത്തത്. അലവൻസ് വർധിപ്പിക്കാൻ കേന്ദ്രത്തോട് എംപിമാർ ആവശ്യപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണറേറിയം വർധിപ്പിക്കുന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി പത്ത് മുതൽ ആശമാർ സമരത്തിലാണ്. ഒരുഘട്ടത്തിൽ നിരാഹാര സമരത്തിലേക്ക് കടന്നെങ്കിലും പിന്നീട് ഇത് അവസാനിപ്പിച്ചിരുന്നു. നിലവിൽ സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുകയാണ് ആശമാർ. സമരം 140ലധികം ദിവസം പിന്നിട്ടു.

Read more

നേരത്തേ സർക്കാരിനെതിരെ പ്രതിഷേധം ഉയർത്തി ആശമാർ കാസർകോട് മുതൽ തിരുവനന്തപുരം വരെ രാപ്പകൽ സമരയാത്ര നടത്തിയിരുന്നു. മെയ് അഞ്ചിന് ആരംഭിച്ച യാത്ര ജൂൺ പതിനാറിനായിരുന്നു അവസാനിപ്പിച്ചത്. ഇതിനിടെ നിലമ്പൂർ നിയമഭാ ഉപതിരഞ്ഞെടുപ്പിൽ ആശമാർ പ്രചാരണം നടത്തുകയും ചെയ്തിരുന്നു.