എന്റെ ലൈംഗികതയെ കുറിച്ച് തുറന്നു പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല, സ്വവര്‍ഗ ലൈംഗികതയെ കുറിച്ച് വെളിപ്പെടുത്തി മനീഷ് അറോറ

തന്റെ ടീനേജ് പ്രായത്തില്‍ തന്നെ സ്വവര്‍ഗാനുരാഗിയാണെന്ന് തിരിച്ചറിയുകയും പുറത്തു പറയുകയും ചെയ്തിരുന്നുവെന്ന് പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മനീഷ് അറോറ. ഇന്ത്യന്‍ ഫാഷന്‍ ഡിസൈനിംഗ് മേഖലയെ ലോകത്തിന്റെ നെറുകയിലെത്തിച്ചയാളാണ് മനീഷ് അറോറ. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. പുതിയ തലമുറക്കുണ്ടായ മനോഭാവങ്ങളെ കുറിച്ചും അറോറ തുറന്നു പറയുന്നുണ്ട്.

ടീനേജില്‍ തന്നെ പറഞ്ഞിരുന്നെങ്കിലും ഇത് ചര്‍ച്ചയാക്കേണ്ട വിഷയമാണെന്ന് തോന്നിയിരുന്നില്ല, സ്വാഭാവിക കാര്യമായി തന്നെയാണ് കണക്കാക്കിയിരുന്നതെന്ന് അദ്ദേഹം പറയുന്നു. “നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെ പഠന കാലമാണ് എനിക്ക് കൂടുതല്‍ സ്വാതന്ത്ര്യം തന്നത്. അന്ന് തുറന്നുപറച്ചില്‍ നടത്തുമ്പോള്‍ കുടുംബം എങ്ങനെ പ്രതികരിക്കുമെന്നതായിരുന്നു ഭയം. വളരെ ലളിതമായി ജീവിക്കുന്ന പഞ്ചാബി കുടുംബമാണ് എന്റേത്. കുടുംബത്തില്‍ നിന്നു പഠനത്തിനായി പുറത്ത് പോകുന്ന ആദ്യത്തെ കുട്ടിയായിരുന്നു ഞാന്‍. എന്നിട്ടും രക്ഷിതാക്കളുടെ അടുത്ത് എന്നെ കുറിച്ച് മറച്ചു വെയ്ക്കാന്‍ ശ്രമിച്ചില്ല. എന്റെ ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ളവര്‍ വളരെ ലാഘവത്തോടെയാണ് എന്റെ വെളിപ്പെടുത്തലിനെ കണ്ടത്. 12 വര്‍ഷം എനിക്കൊരു ജീവിത പങ്കാളിയുണ്ടായിരുന്നു. 21 വയസു മുതല്‍ എനിക്കൊപ്പം ഉണ്ടായിരുന്ന ആ വ്യക്തി അച്ഛനെയും അമ്മയെയും ബന്ധുക്കളെയും ഒക്കെ കാണാന്‍ വരുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.”

സുപ്രീം കോടതിയുടെ സെക്ഷന്‍ 377-ാം വകുപ്പ് പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടുള്ള വിധി സമൂഹത്തില്‍ ഏറെ മാറ്റം വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് മറ്റുള്ളവര്‍ക്ക് തങ്ങളെ പോലുള്ളവരോടുള്ള ഇടപെടലില്‍ തന്നെ മാറ്റം വരുത്തി. 90 വയസുള്ള എന്റെ മുത്തശ്ശി മുമ്പ് എന്നെക്കാണുമ്പോള്‍ എപ്പോഴും ചോദിക്കാറുണ്ടായിരുന്നത് എപ്പോഴാണ് വിവാഹം എന്നായിരുന്നു. ഇപ്പോള്‍ അത് മാറി. ഇതാണ് ആ വിധി സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങളെന്നും മനീഷ് അറോറ പറയുന്നു.