12 ദിവസം നീണ്ട ഇറാന്‍ ഇസ്രയേല്‍ യുദ്ധത്തില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ അഞ്ച് ഇസ്രയേലി സൈനിക താവളങ്ങളില്‍ ആഘാതമേല്‍പ്പിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നു. ഒറിഗോണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പങ്കിട്ട ഉപഗ്രഹ ഡാറ്റ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ ടെലിഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആറ് ഇറാനിയന്‍ മിസൈലുകള്‍ ഇസ്രായേലിന്റെ വ്യോമാതിര്‍ത്തിയിലേക്ക് കയറി നാശനഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ പുറത്തുവിടാത്ത നാശനഷ്ടങ്ങളുടെ വിവരങ്ങളാണ് ഇപ്പോള്‍ ഉപഗ്രഹ ഡേറ്റ പ്രകാരം പുറത്തുവരുന്നത്. ഐഡിഎഫിന്റെ ഒരു പ്രധാന വ്യോമതാവളം, രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍, ഒരു ലോജിസ്റ്റിക്‌സ് ഹബ് എന്നിവയുള്‍പ്പെടെ അഞ്ച് സൈനിക കേന്ദ്രങ്ങളിലാണ് ഇറാന്റെ മിസൈലുകള്‍ ക്ഷതമേല്‍പ്പിച്ചത്.
12 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ ഇസ്രയേല്‍ സൈന്യത്തിനുണ്ടായ തിരിച്ചടി സംബന്ധിച്ചുള്ള വിവരങ്ങള്‍ ആദ്യമായാണ് പുറത്തുവരുന്നത്. ഇസ്രയേല്‍ പ്രതിരോധസേനയുടെ താവളങ്ങളിലും മറ്റ് തന്ത്രപ്രധാനമായ സ്ഥലങ്ങളിലും നടന്ന ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സൈനിക സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ കാരണം ഇസ്രയേലില്‍ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞിരുന്നതായി ടൈംസ് ഓഫ് ഇസ്രയേലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തങ്ങളുടെ താവളങ്ങള്‍ക്ക് ഉണ്ടായ നാശനഷ്ടങ്ങള്‍ ഐഡിഎഫ് സ്ഥിരീകരിച്ചിട്ടില്ല, എന്നാല്‍ ‘ഓപ്പറേഷനിലുടനീളം എല്ലാ പ്രസക്തമായ യൂണിറ്റുകളും തടസമുണ്ടാകാതെ പ്രവര്‍ത്തനം തുടര്‍ന്നുവെന്ന് ഐഡിഎഫ് വ്യക്തമാക്കിയിരുന്നു. ജൂണ്‍ 13 ന് രാത്രി, മിസൈല്‍ ആഘാതങ്ങളുടേയോ സ്ഥലങ്ങളോ ഫോട്ടോകളോ പ്രസിദ്ധീകരിക്കരുതെന്ന് ഐഡിഎഫ് പൊതുജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ടെല്‍ നോഫ് വ്യോമതാവളം, ഗ്ലിലോട്ട് രഹസ്യാന്വേഷണ താവളം, കൂടാതെ സിപ്പോറിറ്റ് ആയുധ നിര്‍മ്മാണ താവളം എന്നിവിടങ്ങളിലടക്കമാണ് ഇറാന്റെ മിസൈലാക്രമണം ആഘാതം ഏല്‍പിച്ചതെന്ന് ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. ഇസ്രയേലിന്റെയും യുഎസിന്റെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് മറ്റ് 36 മിസൈലുകള്‍ ഇസ്രയേലിനുള്ളില്‍ പതിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 28 പേരുടെ മരണത്തിനിടയാക്കുകയും, 240 കെട്ടിടങ്ങള്‍ക്കും രണ്ട് സര്‍വ്വകലാശാലകള്‍ക്കും, ഒരു ആശുപത്രിക്കും നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. 13,000-ത്തിലധികം ഇസ്രയേലികളെ ഭവനരഹിതരാക്കുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാനിയന്‍ മിസൈലുകളില്‍ ഭൂരിഭാഗവും തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും, യുദ്ധം പുരോഗമിക്കുന്നതിനനുസരിച്ച് ഇറാന്റെ ആക്രമണങ്ങളുടെ വിജയനിരക്ക് മെച്ചപ്പെട്ടു. ഒരുപക്ഷേ മെച്ചപ്പെട്ട വിക്ഷേപണ തന്ത്രങ്ങളോ കൂടുതല്‍ നൂതനമായ മിസൈല്‍ സംവിധാനങ്ങളുടെ വിന്യസമോ കാരണമാകാമെന്നും റിപ്പോര്‍ട്ടിലുണ്ട്. 500 ഓളം ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ വിക്ഷേപിച്ചെങ്കിലും ഇതില്‍ ഭൂരിപക്ഷവും പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തിട്ടുണ്ട്. ആറ് ബാലിസ്റ്റിക് മിസൈലുകള്‍ മാത്രമാണ് ഇസ്രയേലില്‍ നാശം വിതച്ചത്. 12 ദിവസത്തെ യുദ്ധത്തിനിടയില്‍ 1100 ഡ്രോണുകള്‍ ഇറാന്‍ വിക്ഷേപിച്ചതില്‍ ഒന്ന് മാത്രമാണ് ഇസ്രയേലിനുള്ളില്‍ ആഘാതമുണ്ടാക്കിയതെന്നതും ഇസ്രയേലിന്റെ പ്രതിരോധ വിജയശതമാനം എത്രയെന്ന് തെളിയിക്കുന്നു.
യുദ്ധത്തിന്റെ ഏഴാം ദിവസമായപ്പോഴേക്കും ഇസ്രായേല്‍ പ്രതിരോധത്തിലേക്ക് മിസൈലുകള്‍ ഉപയോഗിച്ച് തുളച്ചുകയറുന്നതില്‍ ഇറാന്റെ വിജയം 16 ശതമാനത്തിലെത്തി. അതിനുശേഷം അത് കുറഞ്ഞുവെന്നും ഈ വിശകലനം വെളിപ്പെടുത്തുന്നു. ഇസ്രയേല്‍ പ്രതിരോധത്തിന്റെ ശ്രദ്ധ തിരിക്കാന്‍ വേഗത കുറഞ്ഞ ഡ്രോണുകള്‍ക്കൊപ്പം വേഗതയേറിയ മിസൈലുകളും ഇറാന്‍ ഉപയോഗിച്ചു. വേഗത കുറഞ്ഞ ഡ്രോണുകള്‍ക്കൊപ്പം വേഗതയേറിയ മിസൈലുകളും ഉപയോഗിച്ച് ഇസ്രായേല്‍ പ്രതിരോധത്തെ തകര്‍ക്കാനായിരുന്നു ഇറാന്‍ ആക്രമണ തന്ത്രം. ഇതൊക്കെയാണെങ്കിലും, വിവിധ സ്രോതസ്സുകള്‍ പ്രകാരം, ഏകദേശം 84- 87 ശതമാനം ഇറാനിയന്‍ മിസൈലുകളും ഇസ്രയേല്‍ തടഞ്ഞിട്ടുവെന്നതാണ് യാഥാര്‍ത്ഥ്യം.
ഇതിനിടയില്‍ യുദ്ധ സമയത്ത് സുരക്ഷിത ബങ്കറിലേക്ക് ഒളിവില്‍ പോയ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി പൊതുവേദിയിലേക്ക് ആഴ്ചകള്‍ക്ക് ശേഷം തിരിച്ചെത്തി. ടെഹ്‌റാനില്‍ മതചടങ്ങുകളില്‍ സംബന്ധിക്കാനാണ് ഖമേനിയെത്തിയത്. ജൂണ്‍ 13ന് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തോടെയാണ് ഇറാനിലെവിടേയും സുരക്ഷിതനല്ലെന്ന് കണ്ട് മകനടക്കം ഖമേനിയുടെ കുടുംബം സുരക്ഷിത ബങ്കറിലേക്ക് മാറിയത്. അതിനും രണ്ട് ദിവസം മുമ്പായിരുന്നു അവസാനമായി ഖമേനി പൊതുമധ്യത്തിലെത്തിയത്.