വീണ രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യമന്ത്രി; കലാപം അഴിച്ചുവിട്ട് രാജിവെയ്പ്പിക്കാമെന്ന വ്യാമോഹം വേണ്ട; വീട്ടിലേക്ക് മാര്‍ച്ച് നടത്തിയാല്‍ വിവരം അറിയും; താക്കീതുമായി ഡിവൈഎഫ്‌ഐ

കോട്ടയം മെഡിക്കല്‍ കോളേജിലുണ്ടായ ദാരുണമായ സംഭവം മുന്‍നിര്‍ത്തി കലാപം അഴിച്ചുവിട്ട് ആരോഗ്യമന്ത്രിയെ രാജിവയ്പ്പിക്കാമെന്ന വ്യാമോഹം വേണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കേരളത്തിന്റെ ആരോഗ്യമേഖല കൈവരിച്ച നേട്ടങ്ങളെ തകര്‍ക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണിത്. തെരുവിലിറങ്ങിയുള്ള ആക്രമണമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ശക്തമായ നിലയില്‍ ഡിവൈഎഫ്ഐ പ്രതിരോധിക്കും.

രാജ്യത്തെതന്നെ ഏറ്റവും മികച്ച ആരോഗ്യമന്ത്രിയായ വീണാ ജോര്‍ജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാമെന്നും അപഹസിക്കാമെന്നും കരുതേണ്ടതില്ല. വീണാ ജോര്‍ജിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുന്നവര്‍, കേരളത്തിലെ പ്രതിപക്ഷ നേതാക്കള്‍ക്കും എംഎല്‍എമാര്‍ക്കും വീടും ഓഫീസുമുണ്ടെന്നത് മറക്കരുത്.

കേരളത്തില്‍ നിപാ ബാധിച്ച എല്ലാവരും മരിച്ചുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായ എംഎല്‍എ പറഞ്ഞത്. നിപായുമായി ബന്ധപ്പെട്ട മരണനിരക്ക് ലോകത്താകെ 70 ശതമാനത്തിനു മുകളിലായിരുക്കുമ്പോള്‍ കേരളത്തിലത് 33 ശതമാനം മാത്രമാണ്.

Read more

കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്രയില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ ദുരന്തത്തില്‍ അമ്പതിലധികം പേരാണ് മരിച്ചത്. കര്‍ണാടകത്തില്‍ ഐപിഎല്‍ വിജയാഘോഷത്തിന്റെ തിക്കിലും തിരക്കിലും 11 പേരാണ് മരിച്ചത്. മരണത്തെ അടിസ്ഥാനപ്പെടുത്തിയാണെങ്കില്‍ ആ സംസ്ഥാനത്തിലെ ഭരണാധികാരികളോടാണ് രാജിവച്ചുപോകാന്‍ യൂത്ത് കോണ്‍ഗ്രസ് ആദ്യം ആവശ്യപ്പെടേണ്ടത് സനോജ് പറഞ്ഞു.