കശ്മീരിലെ ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം നിഷേധിച്ചതിന് എതിരെയുള്ള പ്രതിഷേധമാണ് രാജി: കണ്ണന്‍ ഗോപിനാഥന്‍

ജമ്മു കശ്മീരിലെ ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം നിഷേധിച്ചതിനോടുള്ള പ്രതിഷേധമാണ് തന്റെ രാജിയെന്ന് യുവ ഐഎഎസ് ഉദ്യോഗസ്ഥനും ദാദ്ര – നഗര്‍ ഹവേലിയിലെ ഊര്‍ജ്ജ സെക്രട്ടറിയും ആയ കണ്ണന്‍ ഗോപിനാഥന്‍. മാതൃഭൂമി ഡോട്ട്‌കോമിനു നല്‍കിയ അഭിമുഖത്തിലായിരുന്നു കണ്ണന്റെ പ്രതികരണം.

370 എടുത്തു മാറ്റുക എന്നത് പൂര്‍ണമായും സര്‍ക്കാരിന്റെ തീരുമാനമാണ്. എന്നാല്‍ ആ തീരുമാനത്തിനെതിരേ 23 ദിവസമായിട്ടും ജനങ്ങളെ പ്രതികരിക്കാന്‍ അനുവദിക്കാതിരിക്കുന്നതും അവിടുത്തെ നേതാക്കളെ തടവിലിടുന്നതും ഒരു ജനാധിപത്യ വ്യവസ്ഥയ്ക്ക് ഭൂഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതികരിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ജനങ്ങളെ പിടിച്ചുകെട്ടിയും അവിടുത്തെ നേതാക്കളെ കസ്റ്റഡിയിലെടുത്തും മൊബൈല്‍ ബന്ധങ്ങളും ഇന്റര്‍നെറ്റും വിഛേദിച്ചും കൊണ്ടാവരുത് തീരുമാനങ്ങള്‍ നടപ്പാക്കേണ്ടത്, അദ്ദേഹം പറയുന്നു.

ഇത്രനാളായും ആരും അതിനെതിരെ പ്രതികരിച്ചിട്ടില്ല. സിസ്റ്റത്തിനകത്ത് ഇരുന്ന് കൊണ്ട് അതിനെതിരെ സംസാരിക്കുന്നത് ശരിയായ കാര്യമല്ല. പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി സര്‍ക്കാരിനെതിരെ സംസാരിക്കാനാവില്ല. അതു കൊണ്ട് ഇതിനെതിരെ പ്രതിഷേധിക്കാനാണ് തന്റെ രാജിയെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.

“”ഇതിനെതിരെ പ്രതികരിക്കേണ്ടത് സിറ്റിസണ്‍ എന്ന നിലയില്‍ എന്റെ കടമയാണെങ്കിലും ബ്യൂറോക്രാറ്റ് എന്ന നിലയില്‍ എന്റെ ചുമതലയല്ല. പക്ഷെ ചുമതലയുള്ള ആള്‍ക്കാരുണ്ട്. അവരുടെ പ്രതികരണശേഷിയില്ലായ്മയാണ് നമ്മളെ ഇത്തരം തീരുമാനത്തില്‍ കൊണ്ടെത്തിക്കുന്നത്””, കണ്ണന്‍ പറയുന്നു. മാധ്യമങ്ങള്‍ക്കായാലും പൗരസമൂഹത്തിനായാലും പ്രതികരിക്കാനുള്ള സ്പേസ് ജനാധിപത്യ വ്യവസ്ഥിതിയിലുണ്ട്. ഈ കേസില്‍ നമ്മള്‍ നമ്മുടെ സൗകര്യത്തിനനുസരിച്ച് ആ വിഷയം തമസ്‌കരിക്കുകയാണ്.

സര്‍ക്കാര്‍ തീരുമാനം എത്ര കഠിനമാണെങ്കിലും അതിനെതിരെ ഒരു ജനതയ്ക്ക് പ്രതികരിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുമ്പോള്‍ അതിനെതിരെ നമുക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യം എനിക്കിപ്പോള്‍ അത്യാവശ്യമാണ്. അത് സര്‍വീസില്‍ ഇരുന്ന് കൊണ്ട് ചെയ്യാന്‍ പറ്റില്ല. രാജിവെച്ചാല്‍ ചെറുതായെങ്കിലും ഒരു സ്വാതന്ത്ര്യമുണ്ടാകുമല്ലോ.

Read more

23 ദിവസമായി നേതാക്കള്‍ കസ്റ്റഡിയിലായിട്ട്. ജനം സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവാത്ത അവസ്ഥയില്‍ കഴിയുന്നു. തിരുവനന്തപുരത്ത് ഇങ്ങനൊരു അവസ്ഥയുണ്ടായാല്‍ എന്തായിരിക്കും അവസ്ഥയെന്നും അദ്ദേഹം ചോദിച്ചു.