ചെന്നൈയിലെ കാലിക്കുടങ്ങള്‍ മലയാളികളോട് പറയുന്നത്‌

വരള്‍ച്ചയില്‍ വലയുന്ന ചെന്നൈയില്‍ അരമണിക്കൂര്‍ പെയ്ത മഴ ആശ്വാസത്തിന്റെ പുതുകിരണങ്ങള്‍ സമ്മാനിക്കുമെന്ന് വിചാരിച്ചെങ്കിലും നിരാശയിലേക്കെത്തിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്തത്. എന്തും വിലയ്ക്ക് വാങ്ങാമെന്ന് അഹങ്കരിക്കാറുള്ള മനുഷ്യന് വില കൊടുത്തിട്ടും വെള്ളം ലഭിക്കാത്ത അവസ്ഥ സംജാതമായതെങ്ങനെയാണ്?. ഇത്രയേറെ വലിയ വരള്‍ച്ചയിലേക്ക് പോകുന്ന അവസ്ഥയിലാണ് കേരളവും. ഈ മണ്‍സൂണ്‍ കാലത്ത് പൊരിയുന്ന വെയിലാണ് സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലുമുള്ളത്. വരള്‍ച്ചക്കുള്ള കാരണങ്ങള്‍ പോലെ തന്നെ പ്രധാനമാണ് അതിനെ അതിജീവിക്കേണ്ട അവസ്ഥയും. മുന്‍വര്‍ഷത്തെ പ്രളയത്തിന് ശേഷം കൊടും വരള്‍ച്ചയിലേക്ക് നയിച്ചതെന്താണ്?

1980-നും 2010-നും ഇടയില്‍ വളരെ കൂടിയ തോതിലാണ് കെട്ടിട നിര്‍മ്മാണങ്ങളുണ്ടായത്. 47 സ്‌ക്വയര്‍ കിലോമീറ്ററില്‍ നിന്ന് 402 സ്‌ക്വയര്‍ കിലോമീറ്ററായി വര്‍ദ്ധിച്ചു.

നേരത്തേ മികച്ച ജല വിതരണ, സംഭരണ സംവിധാനങ്ങളുണ്ടായിരുന്നു ചെന്നൈയില്‍. ജല, ഭൂവിനിയോഗം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നതിന് ഗ്രാമതല സമിതികളുണ്ടായിരുന്നു. മികച്ച രീതിയിലായിരുന്നു ഇവയുടെ പ്രവര്‍ത്തനം. പുറംപോക്കുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചിരുന്നില്ല. 

ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ വടക്കു കിഴക്കന്‍ മണ്‍സൂണ്‍ ശക്തി പ്രാപിക്കുകയും ധാരാളം വെള്ളം ശേഖരിക്കാന്‍ കഴിയുകയും ചെയ്യേണ്ടതാണ്. എന്നാല്‍ ഇത്തവണ മഴയുടെ ലഭ്യത വളരെ കുറഞ്ഞ അവസ്ഥയാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയത്. വലിയ ടാങ്കുകളിലായിരുന്നു ജലം സംഭരിച്ചിരുന്നത്. ഇത് കുഴല്‍ക്കിണറുമായും കിണറുമായും ഒക്കെ ബന്ധിപ്പിക്കുന്നത് വഴി ജലക്ഷാമത്തെ നേരിടാന്‍ കഴിഞ്ഞിരുന്നു.

വിശാലമായ തടയണകളും ബണ്ടുകളും നിര്‍മ്മിച്ച് പരിപാലിച്ച ചരിത്രമാണ് ചെന്നൈയുടേത്. തിരുവള്ളൂര്‍, കാഞ്ചിപുരം, ചെന്നൈ ജില്ലകളിലായി ആറായിരത്തിലധികം തടയണകളുണ്ടായിരുന്നു. ചിലത് ആയിരത്തി അഞ്ഞൂറിലധികം വര്‍ഷം പഴക്കമുള്ളവ. ഇവ ഒഴുക്ക് കുറച്ചു ജലസമൃദ്ധി സമ്മാനിച്ചു. 

ആധുനിക സാങ്കേതിക വിദ്യയുടെ വരവ് തമിഴ്‌നാടിന്റെ മുഴുവന്‍ സംസ്‌കാരത്തെയും പൂര്‍ണ തോതില്‍ മാറ്റിമറിച്ചു. 17-ാം നൂറ്റാണ്ടിലാണ് ഇതേ അവസ്ഥ ചെന്നൈയിലുണ്ടായിരുന്നത്. ബ്രിട്ടീഷ് കോളനിവത്കരണത്തിന്റെ ദുരന്തത്തെ അഭിമുഖീകരിക്കുന്ന സമയത്ത് ഇതിന് വേണ്ടി പ്രത്യേകം പദ്ധതികള്‍ തന്നെ കൊണ്ടു വന്നു. അങ്ങനെയാണ് ചെന്നൈയുടെ ആദ്യത്തെ ജലസംഭരണ പദ്ധതി റെദില്‍സ് റിസര്‍വോയര്‍ വരുന്നത്.

ചെന്നൈ ഐ. ടി, വ്യാവസായിക രംഗത്ത് കുതിച്ചതോടെ കെട്ടിട നിര്‍മ്മാണം വന്‍തോതില്‍ വര്‍ദ്ധിച്ചു. പാരിസ്ഥിതിക സന്തുലനം പാടേ തകര്‍ന്നു.അശാസ്ത്രീയമായ കെട്ടിട നിര്‍മ്മാണവും പല തരത്തില്‍ ജലത്തെ ഭൂമിയില്‍ സംഭരിക്കാനുമുള്ള അവസ്ഥയില്ലാതായി. ഏത് തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായാലും മനുഷ്യന്‍ പ്രകൃതിയില്‍ നിന്ന് അകലുന്നതും പ്രകൃതിയിലേക്കുള്ള അനാവശ്യ കടന്നുകയറ്റവും എല്ലാം തന്നെയാണ് യഥാര്‍ത്ഥ വില്ലനായി അവതരിച്ചിരിക്കുന്നത്.