കുട്ടികൾക്ക് ശാരീരിക ശിക്ഷ നൽകാൻ അധ്യാപകർക്ക് അവകാശമില്ലെന്ന് കേരള ഹൈക്കോടതി. ‘അടികിട്ടാത്ത കുട്ടി നന്നാകില്ല’ എന്നതിനോട് യോജിക്കാനാകില്ല, അച്ചടക്കത്തിൻ്റെ പേരിലാണെങ്കിലും ഇത് അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസ് സി ജയചന്ദ്രൻ വ്യക്തമാക്കി. അതേസമയം അധ്യാപകർ കുട്ടികൾക്ക് നൽകുന്ന ചെറിയ ശിക്ഷകളെ ക്രിമിനൽക്കുറ്റമായി കാണാനാകില്ലെന്നും കോടതി പറഞ്ഞു.
സുൽത്താൻ ബത്തേരി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ രണ്ട് അധ്യാപകർ കുട്ടികളെ ചൂരൽ ഉപയോഗിച്ച് അടിച്ചെന്ന പരാതിയിൽ പോലീസെടുത്ത കേസ് റദ്ദാക്കിയ ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നാലാം ക്ലാസുകാരിയെ പിവിസി പൈപ്പുകൊണ്ട് അടിച്ചതിന് താത്കാലിക നൃത്താധ്യാപകൻ്റെ പേരിൽ നോർത്ത് പറവൂർ പോലീസെടുത്ത കേസ് റദ്ദാക്കാനാകില്ലെന്നും കോടതി പറഞ്ഞു.
Read more
ആ കേസിൽ മാരകായുധം ഉപയോഗിച്ച് കുട്ടിയെ അടിച്ചു എന്നതടക്കമുള്ള വകുപ്പുകൾ റദ്ദാക്കി. കേസിൽ പുതിയ കുറ്റപത്രം നൽകാനും നിർദേശിച്ചു. ബാലനീതി നിയമത്തിലെ വകുപ്പ് 75 പ്രകാരം ചൂരൽ പ്രയോഗം കുറ്റമാണെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ, ബാലനീതിനിയമത്തിലെ ഈ വകുപ്പ് സ്കൂളിനും അധ്യാപകർക്കും ബാധകമല്ലെന്നും കോടതി പറഞ്ഞു.