തുണിക്കടകളിലെ ഡിസ്പ്ലേ ഡമ്മികളെ സഭ്യമായി വസ്ത്രം ധരിപ്പിക്കണം: തല വേണ്ട, ഉടല്‍ മാത്രം മതി

വസ്ത്രവ്യാപാസ്ഥാപനങ്ങളിലെ തലയുള്ള പ്രതിമകള്‍ നിരോധിക്കണമെന്ന് ഷാര്‍ജ മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടു. സംസ്കാരവും മൂല്യവും ഉയര്‍ത്തി പിടിക്കുന്നവയും പൊതുജനങ്ങളുടെ വികാരം വ്രണപ്പെടുത്താത്തവയുമായിരിക്കണം പ്രതിമകള്‍ എന്നുമാണ് ഈ വിഷയത്തില്‍ പുറത്തിറക്കിയ ഉത്തരവില്‍ ആവശ്യപ്പെടുന്നത്.

ഷാര്‍ജ മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷന്‍ 2008ല്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വസ്ത്രങ്ങള്‍ ഡിസ്‌പ്ലേ ചെയ്യാനുള്ള പ്രതിമകള്‍ തലയില്ലാത്തതും മാന്യമായുള്ള വസ്ത്രം ധരിപ്പിച്ചിരിക്കുന്നതും ആയിരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. മതപരമായ മൂല്യങ്ങളെയും രാജ്യത്തെയും അപമാനിക്കാത്ത തരത്തിലുള്ളതായിരിക്കണം വസ്ത്രഷോപ്പുകളിലെ പ്രതിമകള്‍ എന്ന്  നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലറിന്‍റെ പകര്‍പ്പ് എല്ലാ ഷോപ്പുകളിലേക്കും  അയച്ചിരുന്നു.

Read more

എന്നാല്‍  പലരും ആ നിര്‍ദ്ദേശങ്ങള്‍ പാലിക്കാറില്ല. അടുത്തിടെയാണ് സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതില്‍ ചിലര്‍ പ്രതിഷേധം ഉയര്‍ത്തുകയും ഷാര്‍ജ മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷനില്‍   പരാതി നല്‍കുകയും ചെയ്തത്. തുടര്‍ന്നാണ് തലയുള്ള പ്രതിമകള്‍ നിരോധിച്ചത്. നിര്‍ദ്ദേശം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ അധികൃതര്‍ ഔദ്യോഗിക പരിശോധനയും നടത്തുന്നുണ്ട്. പരിശോധന സമയത്ത് സഭ്യമല്ലാത്ത രീതിയില്‍ വസ്ത്രം ധരിപ്പിച്ചിരിക്കുന്ന പ്രതിമകള്‍ നീക്കം ചെയ്യാനാവശ്യപ്പെട്ടു.