പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാള്‍ പൊലീസ് കസ്റ്റഡിയില്‍. എറണാകുളം റൂറല്‍ പൊലീസാണ് കോംഗോ സ്വദേശി റെംഗാര പോളിനെ ബംഗളൂരുവിലെ മടിവാളയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ സംഘമാണ് കേരളത്തിലേക്ക് പ്രധാനമായും രാസലഹരി എത്തിക്കുന്നതെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ മാസം 200 ഗ്രാം എംഡിഎംഎയുമായി അങ്കമാലിയില്‍ വച്ച് അറസ്റ്റിലായ വിപിന്‍ എന്ന യുവാവില്‍ നിന്നാണ് റെംഗാര പോളിനെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. ബംഗളൂരുവില്‍ നിന്ന് ടൂറിസ്റ്റ് ബസില്‍ രാസലഹരി കടത്തുന്നതിനിടെയായിരുന്നു വിപിന്‍ പിടിയിലാകുന്നത്.

ഇതേ തുടര്‍ന്ന് എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിലെ മൈക്കോ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ക്യാപ്ടന്‍ എന്ന പേരിലാണ് കോംഗോ സ്വദേശി അറിയപ്പെട്ടിരുന്നത്.

2014ല്‍ സ്റ്റുഡന്റ് വിസയിലാണ് ഇയാള്‍ ബംഗളൂരുവിലെത്തിയത്. തുടര്‍ന്ന് പഠനം ഉപേക്ഷിച്ച് ഇയാള്‍ രാസലഹരിയുടെ നിര്‍മ്മാണവും വിതരണവും ആരംഭിച്ചു. ഇത്തരത്തില്‍ മയക്കുമരുന്ന് നിര്‍മ്മിക്കുന്നവരെ കുക്ക് എന്നാണ് വിളിക്കാറുള്ളത്. ഗൂഗിള്‍ പേ വഴിയാണ് പ്രതിയുടെ ഇടപാടുകള്‍.

ഗൂഗിള്‍ പേയിലൂടെ പണം ലഭിച്ചുകഴിഞ്ഞാല്‍ ആളൊഴിഞ്ഞ സ്ഥലത്ത് ലഹരി ഒളിപ്പിച്ച ശേഷം ഇടപാടുകാരന് ലൊക്കേഷന്‍ അയച്ചുനല്‍കുന്നതാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറയുന്നു. ഇടപാടുകാരന്‍ ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ പാടില്ല. ദിവസങ്ങളോളം പല സ്ഥലങ്ങളിലായി തമ്പടിച്ച് നടത്തിയ നിരീക്ഷണത്തിലാണ് പ്രതി വലയിലായത്.