ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയുള്ള അസര്‍ബൈജാന്‍ അതിര്‍ത്തിയ്ക്ക് സമീപം ജോല്‍ഫ നഗരത്തിലാണ് അപകടം സംഭവിച്ചത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്ടര്‍ തിരിച്ചിറക്കിയതാണെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന്‍ വിദേശകാര്യ മന്ത്രിയുള്‍പ്പെടെ ഹെലികോപ്ടറിലുണ്ടായിരുന്നതായാണ് വിവരം. കാലാവസ്ഥ പ്രതികൂലമായത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്ക് സംഭവ സ്ഥലത്ത് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ലെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്ത് കനത്ത കാറ്റും മഴയും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവിനൊപ്പം കിഴക്കന്‍ അസര്‍ബൈജാനില്‍ ക്വിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഇറാന്‍ പ്രസിഡന്റ്. അരാസ് നദിയില്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് നിര്‍മ്മിച്ച മൂന്നാമത്തെ അണക്കെട്ടാണ് ഉദ്ഘാടനത്തിന് തയ്യാറായിരിക്കുന്നത്.