ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

3% ശതമാനം ജിഎസ്ടിയും മിനിമം 10% പണിക്കൂലിയും ഹോള്‍മാര്‍ക്ക് ഫീസുമൊക്കെയായി ഒരു പവന്‍ സ്വര്‍ണം ഇന്ന് വാങ്ങണമെങ്കില്‍ ഒന്നര ലക്ഷത്തോളം രൂപ കൊടുക്കേണ്ടിവരുമെന്നതാണ് കണക്ക്. ഒരു ഗ്രാം സ്വര്‍ണം വാങ്ങണമെങ്കില്‍ 16,395 രൂപയാണ് വേണ്ടി വരിക. ഒരു ഗ്രാം സ്വര്‍ണാഭരണം ആണെങ്കില്‍ വീണ്ടും ജിഎസ്ടിയും പണിക്കൂലിയുമെല്ലാം ചേര്‍ന്ന് തുക പിന്നേയും മാറും.

രാജ്യാന്തര സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയരമായ 5,578 ഡോളര്‍ വരെ എത്തിക്കഴിഞ്ഞു. 5,600 ഡോളര്‍ എന്ന നാഴികക്കല്ല് അകലെയല്ല. വൈകാതെ 6,000വും ഭേദിച്ചേക്കാമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഈയാഴ്ച മാത്രം 10 ശതമാനത്തിലധികം വര്‍ധനവാണ് രേഖപ്പെടുത്തിയത്. സമാനമായ വര്‍ധന വെള്ളിയുടെ വിലയിലുമുണ്ടായി. ചരിത്രത്തിലാദ്യമായി വെള്ളിയുടെ വില കിലോഗ്രാമിന് നാല് ലക്ഷം രൂപയുടെ അടുത്തെത്തി.

സ്വര്‍ണ വിലയുടെ ഈ കുതിപ്പിന് പിന്നില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങളാണ്. ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ നടത്തിയ മുന്നറിയിപ്പുകള്‍ ആഗോള വിപണിയില്‍ ആശങ്ക വര്‍ധിപ്പിച്ചു. പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് യുഎസ് സൈനിക വ്യൂഹത്തെ അയച്ചത് യുദ്ധഭീതിക്കിടയാക്കി. അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂട്ടുകയും ചെയ്തു. ഒപ്പം ട്രംപിന്റെ താരിഫ് നയങ്ങളും നീക്കങ്ങളുമെല്ലാം ഡോളറിനെ ഉലയ്ക്കുകയും ചെയ്തു. യുഎസ് ഡോളറിന്റെ തകര്‍ച്ച സ്വര്‍ണ വിലയുടെ വര്‍ധനവിന് ഇടയാക്കി. ഡോളറിന്റെ മൂല്യം നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചു കഴിഞ്ഞു. ഡോളറും സ്വര്‍ണ വിലയും തമ്മിലുള്ള വിപരീത അനുപാതം സ്വര്‍ണത്തിന് ഗുണകരമായെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഡോളര്‍ ദുര്‍ബലമാകുമ്പോള്‍ സ്വാഭാവികമായും സ്വര്‍ണ്ണവില വര്‍ധിക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കണ്ടുവരുന്നത്.

Read more

വില ഓരോ ദിവസവും റോക്കറ്റ് പോലെ കുതിക്കുന്നതിനിടെ സ്വര്‍ണ വിപണിയെ വല്ലാതെ ആശങ്കയിലാക്കിയിട്ടുണ്ട് ഈ മുന്നേറ്റം. സ്വര്‍ണം വാങ്ങുന്നത് ജ്വല്ലറികള്‍ താല്‍കാലികമായി നിര്‍ത്തിവെക്കുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനുള്ള ഉപഭോക്താക്കളുടെ താല്‍പര്യം കുറഞ്ഞതാണ് ജ്വല്ലറികളെ നിരാശപ്പെടുത്തുന്നത്. അസ്ഥിരമായ സ്വര്‍ണ വിലയുടെ കുതിപ്പ് ആഭരണ പ്രേമികളേയും അത്യാവശത്തിന് സ്വര്‍ണം വാങ്ങുന്നവരേയും ഒരുപോലെ ഉലച്ചിട്ടുണ്ട്. അത്യാവശ്യങ്ങള്‍ക്ക് പുതിയ സ്വര്‍ണാഭരണത്തിന് പകരം ഉപഭോക്താക്കള്‍ പഴയത് മാറ്റിവാങ്ങുകയാണ് ഇപ്പോള്‍. ജനുവരിയില്‍ സ്വര്‍ണത്തിന്റെ വില്‍പനയില്‍ 70 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയെന്നാണ് കണക്ക്.