കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച ഗുണ്ടാസംഘം അറസ്റ്റില്‍. കൃഷ്ണപുരം സ്വദേശികളായ അമല്‍ ചിന്തു, അഭിമന്യു, അനൂപ് ശങ്കര്‍ എന്നിവരാണ് പിടിയിലായത്. അരുണ്‍ പ്രസാദ് എന്ന യുവാവിനെയാണ് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം റെയില്‍വേ ക്രോസില്‍ വച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11ന് പൊലീസും പിടിയിലായ ഗുണ്ടാസംഘവും തമ്മിലുണ്ടായ സംഘര്‍ഷമാണ് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന് പിന്നിലെ കാരണം. വെള്ളിയാഴ്ച രാത്രി കായംകുളത്തെ ചായക്കടയിലെത്തിയ സംഘം പൊതു സ്ഥലത്ത് നിന്ന് സിഗരറ്റ് വലിച്ചു. ഈ സമയം കടയില്‍ മഫ്തിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇത് ചോദ്യം ചെയ്തു.

പൊലീസുകാര്‍ ഗുണ്ടാസംഘത്തെ ചോദ്യം ചെയ്തതോടെ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തിനിടെ ഗുണ്ടാ നേതാവിന്റെ ഫോണ്‍ നഷ്ടപ്പെട്ടിരുന്നു. ഗുണ്ടാസംഘം കൊലപ്പെടുത്താന്‍ ശ്രമിച്ച അരുണ്‍ പ്രസാദ് ആണ് ഫോണ്‍ പൊലീസിനെ ഏല്‍പ്പിച്ചത്. ഇതേ തുടര്‍ന്നാണ് അരുണിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

Read more

യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങളും പ്രതികള്‍ തന്നെയാണ് പകര്‍ത്തിയത്. ഈ ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികള്‍ പിടിയിലായത്.