സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

കഞ്ചാവ് മിഠായികളും നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികള്‍ അറസ്റ്റില്‍. രണ്ടായിരത്തിലധികം കഞ്ചാവ് മിഠായികള്‍ പ്രതികളില്‍ നിന്ന് എക്‌സൈസ് സംഘം പിടിച്ചെടുത്തു. സംഭവത്തില്‍ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. ആലപ്പുഴ ചേര്‍ത്തലയില്‍ നിന്നാണ് ഇരുവരും പിടിയിലായത്.

പ്രതികളില്‍ നിന്ന് പത്ത് കിലോയില്‍ അധികം പുകയില ഉത്പന്നങ്ങളും കണ്ടെടുത്തു. സാധാരണയായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് സംസ്ഥാനത്തേക്ക് കഞ്ചാവ് മിഠായികളെത്തുന്നത്. പ്രതികളും സമാന രീതിയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ലഹരി വിതരണം ചെയ്തിട്ടുണ്ടോയെന്നും എക്‌സൈസ് അന്വേഷണം നടത്തും.

ട്രെയിന്‍ മാര്‍ഗ്ഗമാണ് ഇരുവരും സംസ്ഥാനത്തേക്ക് ലഹരി കടത്തിയതെന്ന് എക്‌സൈസ് പറയുന്നു. ഒരു തവണ ഉപയോഗിച്ചാല്‍ പോലും ആസക്തി വര്‍ദ്ധിക്കുന്ന കഞ്ചാവ് മിഠായികള്‍ എവിടെ നിന്നാണ് എത്തിച്ചത്. ഇതിന് മുന്‍പ് സംസ്ഥാനത്തേക്ക് ഇവര്‍ ലഹരി കടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താനുണ്ട്. നിലവില്‍ ഇരുവരെയും എക്‌സൈസ് ചോദ്യം ചെയ്ത് വരുകയാണ്.