വൈഭവ് സൂര്യവംശിയുടെ ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള പ്രവേശനം: നിർണായക വിവരം

14 വയസ്സുള്ള യുവതാരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ഇന്ത്യൻ മുൻ ഹെഡ് കോച്ച് രവി ശാസ്ത്രി. കളിയിലെ തുടർച്ചയായ ഉയർച്ച മുൻകൂട്ടി കണ്ടുകൊണ്ട്, ഇന്ത്യയ്ക്കായി സീനിയർ ദേശീയ ടീമിൽ ഇടം നേടാൻ യുവതാരത്തിന് വേ​ഗം കഴിയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. മൈക്കൽ ആതർട്ടണുമായുള്ള സംഭാഷണത്തിനിടെ വൈഭവ് സൂര്യവംശിയുടെ ഇന്ത്യൻ ക്രിക്കറ്റിലെ ഭാവിയെക്കുറിച്ചുള്ള തന്റെ നിലപാട് ശാസ്ത്രി വ്യക്തമാക്കിയത് ഇങ്ങനെയാണ്-

“അദ്ദേഹം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കും, പക്ഷേ ഐപിഎലും അതാണ് ചെയ്യുന്നത്. അത് നിങ്ങൾക്ക് ആ പ്ലാറ്റ്‌ഫോം നൽകുന്നു. മുഴുവൻ രാജ്യവും നിങ്ങളെ കാണുന്നു. നിങ്ങൾ എല്ലാവരുടെയും ഭാവനയെ ആകർഷിക്കുന്നു. അദ്ദേഹം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ച്, ആദ്യ രണ്ട് സീസണുകളിൽ രണ്ട് സെഞ്ച്വറികൾ നേടിയാൽ അത് അദ്ദേഹത്തെ വേഗത്തിലാക്കും.”

“അവൻ ഇതിനകം തന്നെ ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു; 14 വയസ്സിൽ തന്നെ അണ്ടർ 19 ടീമിൽ ഇടം നേടി. എല്ലായിടത്തും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. അവന് കൂടുതൽ മെച്ചപ്പെടാൻ മാത്രമേ കഴിയൂ,” രവി ​​ശാസ്ത്രി കൂട്ടിച്ചേർത്തു.

ഐപിഎലിന് പിന്നാലെ ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റിലും ബാറ്റിം​ഗ് വിസ്മയം തുടരുകയാണ് 14 കാരൻ വൈഭവ്. ഫോർമാറ്റിലെ മൂന്നാമത്തെ വേഗതയേറിയ അർദ്ധസെഞ്ച്വറി നേടിയതിന് ദിവസങ്ങൾക്ക് ശേഷം, യൂത്ത് ഏകദിനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയിരിക്കുകയാണ് താരം.

ഇംഗ്ലണ്ട് അണ്ടർ 19-നെതിരെയുള്ള നാലാമത്തെ യൂത്ത് ഏകദിനത്തിൽ വെറും 52 പന്തിലാണ് താരം സെഞ്ച്വറി നേടിയത്. 14 ഫോറുകളും 10 സിക്സറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. 78 ബോളിൽ 143 റൺസിന് വൈഭവ് പുറത്തായതിനാൽ അർഹമായ 150 റൺസ് നേടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 183.33 എന്ന് കണ്ണഞ്ചിക്കുന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

കഴിഞ്ഞ മത്സരത്തിൽ, വൈഭവ് വെറും 14 പന്തുകൾ കൊണ്ട് അർദ്ധസെഞ്ച്വറി തികച്ചു. യൂത്ത് ഏകദിനത്തിൽ ഋഷഭ് പന്തിന് ശേഷം ഒരു ഇന്ത്യൻ താരത്തിന്റെ രണ്ടാമത്തെയും നാലാമത്തെയും വേഗതയേറിയ അർദ്ധസെഞ്ച്വറിയും ആയിരുന്നു ഇത്. അണ്ടർ 19 ഏകദിനത്തിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ സിക്‌സ് നേടിയ മൻദീപ് സിംഗിന്റെ റെക്കോർഡും അദ്ദേഹം മറികടന്നു. 27 സിക്‌സറുകളാണ് വെറും നാലു കളിയില്‍ താരം പറത്തിയത്.

Read more

ഇതുവരെ പരമ്പരയിൽ നാലു മല്‍സരങ്ങളില്‍ നിന്നും 198.76 സ്‌ട്രൈക്ക് റേറ്റില്‍ 322 റണ്‍സാണ് ഇപ്പോള്‍ താരത്തിന്റെ സമ്പാദ്യം. സീനിയര്‍ ടീമിനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ താന്‍ തയ്യാറായിക്കഴിഞ്ഞെന്ന സൂചന കൂടിയാണ് വൈഭവ് ഇവിടെ നല്‍കിയിരിക്കുന്നത്.