റെക്കോഡുകൾ തിരുത്തിയെഴുതാൻ ലക്കി ഭാസ്കർ വീണ്ടും, ദുൽഖർ ചിത്രത്തിന് രണ്ടാം ഭാ​ഗം ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് സംവിധായകൻ

ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അട്‌ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്‌കർ കഴിഞ്ഞ വർഷം വൻ ഹിറ്റായി മാറിയ ചിത്രങ്ങളിലൊന്നാണ്. തെലുങ്കിൽ ദുൽഖറിന് ലഭിച്ച ഹാട്രിക്ക് വിജയം കൂടിയായിരുന്നു ഈ സിനിമ. തിയേറ്റർ റിലീസിന് ശേഷം ഒടിടിയിൽ എത്തിയപ്പോഴും ലക്കി ഭാസ്കർ തരം​ഗമായി മാറി. 100 കോടി ക്ലബിലെത്തിയ ദുൽഖർ ചിത്രം അടുത്തിടെ നിരവധി അവാർ‍ഡുകളും നേടിയിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് രണ്ടാം ഭാ​ഗം നിർമ്മിക്കാൻ പദ്ധതിയുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ.

ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു വെങ്കി അട്ലൂരി ഇതേകുറിച്ച് സംസാരിച്ചത്. സിനിമയുടെ തിരക്കഥ പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ ധനുഷ് നായകനായ വാത്തി സിനിമയ്ക്ക് ഇനി ഒരു തുടർച്ചയുണ്ടാകില്ലെന്നും സംവിധായകൻ പറഞ്ഞു. 1980-1990 കാലഘട്ടത്തിലെ കഥയാണ് ‘ലക്കി ഭാസ്‌കർ’ പറഞ്ഞത്. ചിത്രത്തിൽ ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടായിരുന്നു ദുൽഖർ എത്തിയത്.

Read more

മീനാക്ഷി ചൗധരി നായികയായി എത്തി. സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാർ ഒരുക്കിയ പാട്ടുകളും ചിത്രത്തിന്റേതായി ശ്രദ്ധിക്കപ്പെട്ടു. പിരീഡ് ഡ്രാമ ത്രില്ലർ ചിത്രം നിർമ്മിച്ചത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്. 2024 ലെ ഗദ്ദർ തെലങ്കാന ഫിലിം അവാർഡുകളിൽ ദുൽഖറിന് സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ഉൾപ്പെടെ നാല് അവാർഡുകളാണ് സിനിമയ്ക്ക് ലഭിച്ചത്.