ഗർഭിണിയാകുന്ന സ്‌കൂൾ വിദ്യാർഥിനികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് റഷ്യ. വിദ്യാർഥിനികൾക്ക് പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ആയി ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലമെന്ന വിചിത്ര പ്രഖ്യാപനമാണ് റഷ്യ നടത്തിയിരിക്കുന്നത്. രാജ്യത്ത് ജനസംഖ്യ കുറയുന്നതിന്റെ ഭാഗമായാണ് വിചിത്ര നയം കൊണ്ടുവരുന്നത്. റഷ്യയിലെ 10 പ്രവിശ്യകളിൽ നയം നടപ്പിൽ വന്നു.
ജനസംഖ്യാവർധനയ്ക്കായി എന്തു വഴിയും സ്വീകരിക്കാനൊരുക്കമാണെന്ന് മാർച്ചിൽ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രഖ്യാപിച്ചിരുന്നു. അന്ന് മുതിർന്ന സ്ത്രീകൾക്കായി വാഗ്ദാനങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ വാഗ്ദാനങ്ങൾ സ്‌കൂൾ വിദ്യാർഥിനികൾക്കും ബാധകമാക്കിയതോടെ കടുത്ത വിമർശനവും ഉയരുന്നുണ്ട്. ജനസംഖ്യ കുറഞ്ഞതോടെ ഗർഭഛിദ്രത്തിനും റഷ്യയിൽ വിലക്കുണ്ട്.
Read more
2023ലെ കണക്കനുസരിച്ച് റഷ്യയിലെ സ്ത്രീകളുടെ പ്രത്യുൽപാദന നിരക്ക് 1.41 ആണ്. നിലവിലെ ജനസംഖ്യ പിടിച്ചുനിർത്തണമെങ്കിൽ അത് 2.05 എങ്കിലും ആയി ഉയർത്തണം. റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ 2.5 ലക്ഷത്തിലധികം പട്ടാളക്കാർ മരിച്ചെന്നാണ് കണക്ക്. നാടുവിട്ടുപോയവർ ആയിരക്കണക്കിനു വരും. ഇതെല്ലാം കൂടി കണക്കിലെടുക്കുമ്പോൾ റഷ്യയിലെ ജനസംഖ്യയുടെ കണക്കിൽ ഇനിയും കുറവുണ്ടാകും.