കോണ്‍ഗ്രസുകാര്‍ കടുകിനുള്ളില്‍ കയറി ഒളിക്കണോ? വീണാ ജോര്‍ജിനെ ഭയന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയെന്ന് പഴകുളം മധു

വീണാ ജോര്‍ജിനെ ഭയന്ന് കോണ്‍ഗ്രസുകാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു. സിപിഎം വീണയ്ക്ക് സംരക്ഷണം ഒരുക്കും എന്ന് പറഞ്ഞാല്‍ പത്തനംതിട്ടയിലെ കോണ്‍ഗ്രസുകാര്‍ കടുകിനുള്ളില്‍ കയറി ഒളിക്കണോയെന്നും പഴകുളം മധു ചോദിച്ചു.

വീണ ജോര്‍ജിന്റെ കടുത്ത സമ്മര്‍ദ്ദത്തിലാണ് പൊലീസ് പത്തനംതിട്ടയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത്. ഇത് പൊലീസില്‍ നിന്ന് തന്നെ ലഭിച്ച വിവരമാണ്. വീണ ജോര്‍ജിനെ കൊലക്കേസില്‍ പ്രതിയാക്കണം. ജില്ലാ സെക്രട്ടറിക്കും മറ്റു സിപിഎം നേതാക്കള്‍ക്കും വീണാ ജോര്‍ജിനെ കളിയാക്കാം, യൂത്ത് കോണ്‍ഗ്രസ് സമരം ചെയ്താല്‍ അറസ്റ്റ് ചെയ്യുന്നുവെന്നും മധു പറഞ്ഞു.

കയ്യാമം വെച്ച് നേതാക്കളെ അറസ്റ്റ് ചെയ്യിക്കുന്നത് വീണാ ജോര്‍ജിന്റെ ക്രൂര വിനോദമാണ്. വീണാ ജോര്‍ജിന് സംഘടനാ പ്രവര്‍ത്തന പാരമ്പര്യം ഇല്ല. എംഎല്‍എയും മന്ത്രിയുമായത് പ്രത്യേക ക്വാട്ടയിലാണ്. സിപിഎമ്മും ഡിവൈഎഫ്‌ഐയും കാവല്‍ നിന്നാലും പത്തനംതിട്ടയില്‍ വീണ ജോര്‍ജിനെ ഇന്നു മുതല്‍ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു പറഞ്ഞു.

Read more

ഏതെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തൊട്ടാല്‍ വിവരമറിയും. പൊലീസ് വിട്ടയച്ചിട്ടും പ്രവര്‍ത്തകരെ വീണ്ടും കേസില്‍ കുടുക്കിയത് വീണ ജോര്‍ജ് ഇടപെട്ടിട്ടാണ്. വീണ ജോര്‍ജിനെതിരെ കൊലക്കേസ് ആണ് എടുക്കേണ്ടതെന്നും പഴകുളം മധു കൂട്ടിച്ചേര്‍ത്തു.