പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം. പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് വയോധികനെ പട്ടാപ്പകല്‍ നഗ്നനാക്കി റോഡിലൂടെ ബൈക്കില്‍ കെട്ടിവലിച്ചു. ഝാര്‍ഖണ്ഡിലെ ഗര്‍വ ജില്ലയില്‍ അംറോറ ഗ്രാമത്തിലാണ് സംഭവം നടന്നത്. സുര്‍സ്വതി റാം എന്ന 60കാരന് നേരെയാണ് കൊടുംക്രൂരത അരങ്ങേറിയത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സുര്‍സ്വതി റാം കാലികളുമായി ബന്‍ഷിധര്‍ നഗര്‍ ഉന്താരിയിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. രാഹുല്‍ ദുബെ, രാജേഷ് ദുബെ, കാശിനാഥ് ഭൂയാന്‍ എന്നിവര്‍ ബൈക്കിലെത്തി സുര്‍സ്വതി റാമിനെ തടഞ്ഞുനിറുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ സുര്‍സ്വതി റാമിനെ ചോദ്യം ചെയ്തു.

പശുക്കളെ മോഷ്ടിച്ച് കടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതികളുടെ മര്‍ദ്ദനം. തുടര്‍ന്ന് പ്രതികള്‍ സുര്‍സ്വതി റാമിന്റെ തുണിയുരിഞ്ഞ് ബൈക്കില്‍ കെട്ടിവലിച്ച് ഏറെ ദൂരം കൊണ്ടുപോയതായി റാം പൊലീസിനോട് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ വയോധികന്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Read more

വയോധികന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് മൂന്ന് പ്രതിളില്‍ ഒരാളായ കാശിനാഥ് ഭൂയാനെ അറസ്റ്റ് ചെയ്തു. മറ്റുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറയുന്നു.