പിണറായിയുടെ പീരങ്കിയും യോഗിയുടെ ബുള്‍ഡോസറും

വെയിലത്തു നിന്നാല്‍ ഉണങ്ങുന്ന കേട് മാത്രമാണ് സെക്രറിയേറ്റിനു മുന്നില്‍ ബാരികേഡ് തള്ളി പ്രതിഷേധിക്കുവര്‍ക്ക് പിണറായി വിജയന്‍ വരുത്തുന്നത്. ജലപീരങ്കി എന്ന് മാധ്യമങ്ങള്‍ ഓമനപ്പേരില്‍ വിളിക്കുന്ന വെള്ളംചീറ്റിക്കല്‍പോലും പ്രതിഷേധിക്കുന്നവര്‍ക്കെതിരെ പാടില്ലെന്ന നിലപാടാണ് ഞങ്ങളുടേത്. ജനാധിപത്യം പ്രതിഷേധിക്കുന്നതിനുള്ള വ്യവസ്ഥയാണ്. അക്രമം തടയുന്നതിനപ്പുറം പ്രതിഷേധത്തിനെതിരെ പൊലീസ് ബലം പ്രയോഗിക്കുന്നത് ശരിയല്ല. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് പ്രതിഷേധക്കാരെ ഷോക്കടിപ്പിക്കുന്നതിന് ഇലക്ട്രിക് ലാത്തി നല്‍കിയിരുന്നു. അതിന്റെ ചാര്‍ജ് ഇപ്പോഴുമുണ്ടോ എന്നറിയില്ല.

പ്രതിഷേധക്കാരെ ഡല്‍ഹി പൊലീസ് കൈകാര്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ടിവിയില്‍ കാണുന്നുണ്ട്. എത്ര കട്ടിയുണ്ടെങ്കിലും തൊലി ഉരയത്തക്ക രീതിയിലാണ് എംപിമാരെപ്പോലും അവിടെ തെരുവില്‍ വലിച്ചിഴയ്ക്കുന്നത്. അത്രത്തോളമൊന്നും പോകാന്‍ കേരള പൊലീസിനു കഴിയില്ല.

എന്നാല്‍ പ്രതിഷേധത്തെ അമര്‍ച്ച ചെയ്യാന്‍ ഏതറ്റംവരെയും പോകാമെന്ന്് ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് തെളിയിച്ചുകൊണ്ടിരിക്കുന്നു. പീരങ്കിയല്ല, ബുള്‍ഡോസറാണ് യോഗിയുടെ ആയുധം. പ്രതിഷേധവുമായി ബന്ധമുണ്ടെന്നു കരുതുന്നവരുമായി ബന്ധമുള്ള കെട്ടിടങ്ങള്‍, കിടപ്പാടമുള്‍പ്പെടെ, നോട്ടീസ്‌പോലും നല്‍കാതെ ബുള്‍ഡോസര്‍ വച്ചാണ് യോഗി തകര്‍ക്കുന്നത്. അവ അനധികൃതനിര്‍മാണങ്ങളാണെന്ന് പ്രയാഗ്‌രാജ് വികസന അതോറിറ്റി പറയുന്നത് അസ്വീകാര്യമായ ന്യായം മാത്രമാണ്. നിയമവിരുദ്ധമായതിനെയും കൈകാര്യം ചെയ്യുന്നത് നിയമപരമായി ആയിരിക്കണം.

നൂപുര്‍ ശര്‍മയുടെ പ്രവാചകനിന്ദ എന്ന്് വിളിക്കപ്പെട്ട പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധമുണ്ടായപ്പോഴാണോ കെട്ടിടനിര്‍മാണച്ചട്ടങ്ങളെക്കുറിച്ച് വികസന അതോറിറ്റി ഓര്‍ത്തത്? തുര്‍ക്മാന്‍ ഗേറ്റില്‍ സഞ്ജയ് ഗാന്ധി ഫലപ്രദമായി തുടങ്ങിവച്ച ബുള്‍ഡോസര്‍ റേസ് ഇപ്പോള്‍ ഔദ്യോഗികനയമായി ബിജെപി ഏറ്റെടുത്തിരിക്കുന്നു. പ്രതിഷേധിക്കുന്നവരെ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളെ, വഴിയാധാരമാക്കുമെന്ന ഭീഷണിയുടെ പ്രതീകമാണ് ബുള്‍ഡോസര്‍. ഡല്‍ഹിയിലെ ജഹാംഗിര്‍പുരിയിലെ ഇടിച്ചുതകര്‍ക്കല്‍ സുപ്രീം കോടതി തടഞ്ഞിട്ടുണ്ട്.

അടിയന്തിരമായ ഇടപെടല്‍ ആവശ്യപ്പെട്ട് മുന്‍ന്യായാധിപരും അഭിഭാഷകപ്രമുഖരും അടങ്ങിയ ഗ്രൂപ്പ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. നടപടിക്രമത്തിന്റെ പാലനം നിയമവാഴ്ചയില്‍ പ്രധാനപ്പെട്ടതാണ്. അതിന്റെ ഗുരുതരമായ ലംഘനമാണ് ഡല്‍ഹിയില്‍ അമിത് ഷായും ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥും നടത്തിക്കൊണ്ടിരിക്കുന്നത്. ബുള്‍ഡോസറും പീരങ്കിയും ഉപയോഗിച്ചല്ല പ്രതിഷേധിക്കുന്നവരോട് ഭരണകൂടം സംസാരിക്കേണ്ടത്. അരുവിക്കരയിലെ വെള്ളമായാലും ജലധാര ഒഴിവാക്കണം.

Read more

ജലപീരങ്കി ഇല്ലെങ്കില്‍ ചാനല്‍ ക്യാമറകള്‍ ഉണ്ടാവില്ല. ക്യാമറ ഇല്ലെങ്കില്‍ പ്രതിഷേധവും ഉണ്ടാവില്ല. പ്രതിരോധം പ്രതിഷേധത്തെ കടുപ്പിക്കും. പ്രതിഷേധം കടുക്കുമ്പോഴാണ് യഥാര്‍ത്ഥ പീരങ്കികളും ബുര്‍ഡോസറുകളും ഡ്രോണുകളും രംഗത്തിറങ്ങുന്നത്.