പൗരത്വ സമരം ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടി

ഇന്ത്യയിലെ  ടൂറിസം മേഖലയില്‍ വളര്‍ച്ചാനിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദങ്ങളില്‍ ഉണ്ടായ സംഭവവികാസങ്ങളാണ് ടൂറിസം മേഖലയെ ബാധിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം തെരുവുകളില്‍ കനത്തതും ഡല്‍ഹിയിലടക്കമുള്ള പ്രദേശങ്ങളിലെ പരിസ്ഥിതി മലിനീകരണവുമാണ് പ്രശ്‌നമായത്. ഇതു സംബന്ധിച്ച് പല വിദേശരാജ്യങ്ങളും പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നൽകിയിരുന്നത് വിദേശ ടൂറിസ്റ്റുകളുടെ വരവിനെ പ്രതികൂലമായി ബാധിച്ചിരുന്നു.

2019-ല്‍ 1.10 കോടി വിദേശികളാണ് രാജ്യം സന്ദര്‍ശിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3.1 ശതമാനം മാത്രം വര്‍ദ്ധനയാണിത്. കഴിഞ്ഞ വര്‍ഷം 5.2 ശതമാനവും 2017-ല്‍ 14 ശതമാനവും വര്‍ദ്ധന ഉണ്ടായിരുന്നതായി ടൂറിസം വകുപ്പിന്റെയും ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെയും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

Read more

വിദേശത്തു നിന്നുള്ള സഞ്ചാരികളില്‍ നിന്നുള്ള വരുമാനത്തിന്റെ കാര്യത്തില്‍ 8.2 ശതമാനം വര്‍ദ്ധന ഈ വര്‍ഷം ഉണ്ടായിട്ടുണ്ട്. ഏകദേശം 2.2 ലക്ഷം കോടി രൂപ. എന്നാൽ 2018-ല്‍ ഇത് 9.6 ശതമാനവും 2017-ല്‍ 15 ശതമാനവുമായിരുന്നു വരുമാന വളര്‍ച്ച. കഴിഞ്ഞ പത്തു വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണിത്. 2011- ല്‍ നേടിയ 25.5 ശതമാനം വളര്‍ച്ചയാണ് ഏറ്റവും കൂടിയത്.