റാൻബാക്സി മുൻ ഉടമകൾക്ക് തിരിച്ചടി, ജയിലിൽ പോകേണ്ടി വരുമെന്ന് സുപ്രീം കോടതിയുടെ താക്കീത്

പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ റാൻബാക്‌സിയുടെ മുൻ പ്രൊമോട്ടർമാരായ മൽവീന്ദർ സിങ്ങിനും ശിവേന്ദർ സിങ്ങിനും സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ജപ്പാൻ ആസ്ഥാനമായ കമ്പനിക്ക് 4000 കോടി രൂപ നൽകാനുള്ള കേസിൽ ഇരുവരും സുപ്രീം കോടതിയുടെ നോട്ടീസിന് നൽകിയ മറുപടിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കടുത്ത അതൃപ്തി പ്രകടിപ്പിച്ചത്.

ഡായിച്ചി എന്ന ജാപ്പനീസ് കമ്പനിക്ക് ഈ സഹോദരന്മാർ 4000 കോടി രൂപ നൽകണമെന്ന് സിംഗപ്പൂരിലെ ട്രിബുണൽ ഉത്തരവായിരുന്നു. എന്നാൽ ഇവർ ഈ ഉത്തരവ് പാലിക്കാൻ തയാറായില്ല. ഇതിനെതിരെയാണ് കമ്പനി സുപ്രീം കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ ഉടനടി കോടതി അലക്ഷ്യ നടപടി ആരംഭിക്കുമെന്നും ഇരുവരെയും ജയിലിലേക്ക് അയക്കേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

Read more

2008ൽ ഡായിച്ചിയാണ് റാൻബാക്സിയെ വാങ്ങിയത്. എന്നാൽ അന്ന് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ നിന്ന് അന്വേഷണം നേരിടുന്ന കാര്യം റാൻബാക്സി മറച്ചു വച്ചു. ഇതിനെതിരെയാണ് ജപ്പാൻ കമ്പനി സിംഗപ്പൂരിലെ കോടതിയെ സമീപിച്ചത്.
കേസ് ഏപ്രിൽ 11 നു പരിഗണിക്കാൻ സുപ്രീം കോടതി മാറ്റിവച്ചു.
“ലോകത്തിന്റെ പകുതി ഭാഗം നിങ്ങൾക്ക് സ്വന്തമായിരിക്കാം. പക്ഷെ അത് ഇവിടെ പ്രസക്തമല്ല. ട്രിബുണൽ ഉത്തരവ് പാലിക്കാൻ നിങ്ങൾക്ക് എന്ത് പദ്ധതിയാണുള്ളത് എന്നതാണ് ഇവിടെ പ്രസക്തം – കോടതി വാക്കാൽ നിരീക്ഷിച്ചു.