ഷെഡ്യൂൾ പൂർത്തിയാക്കി മോഹൻലാൽ; അപ്ഡേറ്റ് പുറത്തു വിട്ട് 'പേട്രിയറ്റ്'

ഒരു പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമാണ് ‘പേട്രിയറ്റ്’. വമ്പൻ ബജറ്റിൽ ആക്ഷൻ മൂഡിലാണ് മഹേഷ് നാരായണൻ ചിത്രം ഒരുങ്ങുന്നത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, സറിൻ ഷിഹാബ്, ഗ്രേസ് ആൻ്റണി എന്നിവരടങ്ങുന്ന ഒരു കൂട്ടം അഭിനേതാക്കളും ചിത്രത്തിലുണ്ട്.  ഇപ്പോഴിതാ സിനിമയുടെ ഒരു അപ്ഡേറ്റ് പുറത്തു വന്നിരിക്കുകയാണ്.

ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ പൂർത്തിയായെന്ന അപ്ഡേറ്റ് പുറത്തു വരുന്നത്. മോഹൻലാൽ ഉൾപ്പെട്ട ഭാഗങ്ങളായിരുന്നു ഈ ഷെഡ്യൂളിൽ ചിത്രീകരിച്ചത്. എറണാകുളത്ത് ചിത്രീകരണം ആരംഭിച്ച ഷെഡ്യൂൾ പത്ത് ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. നേരത്തെ എടപ്പാളിൽ ആയിരുന്നു സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. മോഹൻലാലിന്റെ ഫൈറ്റ് സീക്വൻസുകളായിരുന്നു ഈ ഷെഡ്യൂളിൽ ചിത്രീകരിച്ചത്.

ചിത്രത്തിൽ ഇനി മമ്മൂട്ടിയുടെ ഭാഗങ്ങളാണ് ചിത്രീകരിക്കാൻ ബാക്കിയുള്ളത്. ശ്രീലങ്കയിൽ രണ്ട് ഷെഡ്യൂളുകൾ ടീം ഇതിനകം തന്നെ പൂർത്തിയാക്കി.  80 കോടിയോളം നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ രചനയും മഹേഷ്‌ നാരായണൻ തന്നെയാണ്. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകൻ മനുഷ് നന്ദൻ ആണ് ചിത്രത്തിൻറെ ഛായാഗ്രഹണം. ആൻറോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആൻറോ ജോസഫ് ആണ് ചിത്രത്തിൻറെ നിർമ്മാണം.

2013ൽ പുറത്തിറങ്ങിയ ‘കടൽ കടന്ന് ഒരു മാത്തുക്കുട്ടി’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി സ്‌ക്രീനിൽ ഒന്നിച്ചത്. അതിഥി വേഷത്തിലാണ് മോഹൻലാൽ എത്തിയത്.

Read more