കഫെ കോഫി ഡെ കൊക്കകോളയ്ക്ക് വിൽക്കാനുള്ള നീക്കം വീണ്ടും സജീവമാകുന്നു

കഫേ കോഫി ഡേയുടെ ഓഹരികൾ കൊക്കകോളയ്ക്ക് കൈമാറുന്നതിനുള്ള ചർച്ചകൾ പുനരാരംഭിച്ചേക്കുമെന്ന് സൂചന. കമ്പനി വിൽക്കുന്നതിന് കൊക്കകോളയുമായുള്ള ചര്‍ച്ചകൾ പുരോഗമിക്കുന്നതിനിടയായിരുന്നു കോഫി ഡേ എന്റർപ്രൈസസ് ചെയര്‍മാന്‍ വി. ജി സിദ്ധാര്‍ത്ഥ നേത്രാവതി നദിയിൽ ചാടി ആത്മഹത്യ ചെയ്തത്. കോഫി വിതരണ രംഗത്ത് ഈ വര്‍ഷം അവസാനത്തോടെ പുതിയ ബ്രാന്‍ഡ് രംഗത്തിറക്കുകയാണ് ഏറ്റെടുക്കലിലൂടെ കൊക്കകോള ലക്ഷ്യമിടുന്നത്. ജൂണിലാണ് ഇത് സംബന്ധിച്ച ചർച്ച ആരംഭിച്ചത്. 8000 കോടിക്കും 10000 കോടിക്കും ഇടയ്ക്ക് തുകയാണ് സിദ്ധാർത്ഥ ആവശ്യപ്പെട്ടത് എന്നാണ് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തത്. തുക ഉപയോഗിച്ച് കടബാധ്യതകൾ തീർക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്‌ഷ്യം.

സിദ്ധാർത്ഥയുടെ ആത്മഹത്യയെ തുടർന്ന് നിലച്ച ഏറ്റെടുക്കല്‍ ചർച്ചകൾ വീണ്ടും തുടങ്ങിയതായാണ് സൂചന. എന്നാൽ ഇക്കാര്യം ഇരു കമ്പനികളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കോഫി ഡേയെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ പുതിയ ബോര്‍ഡ് ഉചിതമായ തീരുമാനം എടുക്കണമെന്ന ആഗ്രഹവും, സിദ്ധാര്‍ത്ഥ ആത്മഹത്യക്ക് മുമ്പ് ജീവനക്കാര്‍ക്ക് അയച്ച ഇ- മെയിലിൽ പ്രകടിപ്പിച്ചിരുന്നു. നേരത്തെ ഗ്രൂപ്പിൻറെ കീഴിലുള്ള ഗ്ലോബൽ വില്ലേജ് ടെക്ക് പാർക്ക് കാനഡ ആസ്ഥാനമായ ബ്ലാക്‌സ്റ്റൺ ഗ്രൂപ്പിന് കൈമാറിയിരുന്നു. 3000 കോടിയാണ് ഇതിലൂടെ നേടിയത്.

രാജ്യത്താകെ 1750- ലധികം ഔട്ട്ലെറ്റുകളുള്ള കോഫി വിതരണ ശൃംഖലയാണ് കഫേ കോഫി ഡേ. എന്നാല്‍, കൊക്കകോള എത്ര തുകയാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് വ്യക്തമല്ല. കോഫി വില്‍പ്പന മേഖലയിലേക്ക് ഇറങ്ങാനുള്ള കൊക്കകോളയുടെ തീരുമാനത്തിന്‍റെ ഭാഗമായാണ് കഫേ കോഫി ഡേ ഏറ്റെടുക്കാനുളള ആലോചന. നേരത്തെ ആഗോള കോഫി ചെയിനായ കോസ്റ്റ കോഫിയും കൊക്കകോള കമ്പനി ഏറ്റെടുത്തിരുന്നു. ഈ വര്‍ഷം അവസാനത്തോടെ വിവിധ രാജ്യങ്ങളില്‍ കോക്കകോള കോഫി എന്ന ശൃംഖല തുടങ്ങാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.