പുതിയ ആര്‍ വണ്‍ ഫൈവിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ആര്‍ വണ്‍ ഫൈവിന്റെ മൂന്നാം തലമുറക്കാരനെ ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ യമഹ. നാളുകള്‍ക്ക് മുമ്പെ രാജ്യാന്തര വിപണികളില്‍ അവതരിപ്പിച്ച പുത്തന്‍ ആര്‍ വണ്‍ ഫൈവിനെ കുറിച്ച് ഉപഭോക്താക്കള്‍ നല്‍കിയ മികവുറ്റ അഭിപ്രായങ്ങള്‍ ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷയെ വാനോളമുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ വില നിയന്ത്രിക്കുന്നതിന് വേണ്ടി പുതിയ മോഡല്‍ YZF-R15 V3.0 ന്‍റെ ഇന്ത്യന്‍ പതിപ്പില്‍ ഒരു പിടി ഘടകങ്ങള്‍ സാന്നിധ്യമറിയിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പുറത്ത് വന്ന ചിത്രങ്ങള്‍ പ്രകാരം ഇന്ത്യന്‍ പതിപ്പില്‍ അപ്സൈഡ്-ഡൗണ്‍ ഫോര്‍ക്കുകള്‍ ഇടംപിടിച്ചിട്ടില്ല. ഇതിന് പകരം നിലവിലുള്ള ടെലിസ്‌കോപിക് ഫോര്‍ക്കുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.

പുതുക്കിയ സ്പോര്‍ട്ടി ഫെന്‍ഡറോട് കൂടിയുള്ളതാണ് ആര്‍ വണ്‍ ഫൈവിന്റെ രാജ്യാന്തര പതിപ്പ്. ഇന്ത്യന്‍ വരവില്‍ സ്ലിപ്പര്‍ ക്ലച്ചും മോട്ടോര്‍സൈക്കിളിന് നഷ്ടപ്പെട്ടേക്കാം. ഡിസൈന്‍ മുഖത്ത് ഏറെ അഗ്രസീവായാണ് പുതിയ ആര്‍ വണ്‍ ഫൈ കാണപ്പെടുന്നത്. മൂര്‍ച്ചയേറിയ എല്‍ഇഡി ഡ്യൂവല്‍-ഹെഡ്ലാമ്പുകള്‍ അഗ്രസീവ് ലുക്കിനെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. പുതുക്കിയ ഫെയറിംഗും ടെയില്‍ എന്‍ഡാണ് പുതിയ മോഡലിന് നല്കിയിരിക്കുന്നത്.

പുത്തന്‍ 155.1 സിസി ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് പുതിയ മോഡലിന്റെ പ്രധാന ഹൈലൈറ്റ്. 19.04 ബിഎച്ചിപി കരുത്തും 14.7 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്സാണ് ഒരുങ്ങുന്നത്. എഞ്ചിന്‍ മുഖത്ത് രാജ്യാന്തര പതിപ്പുകള്‍ക്ക് സമമാണ് ഇന്ത്യന്‍ പതിപ്പും. പ്രീമിയം ഘടകങ്ങളായ യുഎസ്ഡി ഫോര്‍ക്കുകളുടെയും, സ്ലിപ്പര്‍ ക്ലച്ചിന്റെയും അഭാവത്തില്‍ പുതിയ R15 ന്റെ വില നിയന്ത്രിച്ച് നിര്‍ത്തുകയാണ് യമഹയുടെ ലക്ഷ്യം.

സുസൂക്കി ജിക്സര്‍ എസ്എഫാണ് യമഹ ആര്‍ വണ്‍ ഫൈവിന്‍റെ മൂന്നാം തലമുറക്കാരന്റെ പ്രധാന എതിരാളി. ഏകദേശം 1.2 ലക്ഷം രൂപ പ്രൈസ് ടാഗിലാകും പുതിയ മോഡലിന്‍റെ വരവ്.