ബെൻസിന്റെ കരുത്തൻ ഹാച്ച്ബാക്ക് ഇനി മെഗാസ്റ്റാറിന്റെ ഗ്യാരേജിൽ; ഇഷ്ടനമ്പറില്‍ മെഴ്‌സിഡീസ് ബെന്‍സ് AMG 45 S സ്വന്തമാക്കി മമ്മൂട്ടി !

മെഴ്സിഡീസ് ബെൻസിന്റെ കരുത്തൻ ഹാച്ച്ബാക്ക് സ്വന്തമാക്കി മെഗാസ്റ്റാർ മമ്മൂട്ടി. ചുവപ്പു നിറത്തിൽ മെഴ്‌സിഡീസിന്റെ ബെൻസ് എ എം ജി 45 എസ് 4മാറ്റിക് മോഡലാണ് കടുത്ത വാഹനപ്രേമിയായ മമ്മൂട്ടിയുടെ ഗ്യാരേജിൽ ഏറ്റവുമൊടുവിൽ അതിഥിയായി എത്തിയിരിക്കുന്നത്. വാഹനത്തിൽ വിമാനത്താവളത്തിലേക്ക് താരമെത്തുന്ന വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.

ബെൻസ് എ-ക്ലാസ് മോഡലിന്റെ പെർഫോമൻസ് പതിപ്പായി മെഴ്‌സിഡീസ് എത്തിച്ചിട്ടുള്ള വാഹനമാണ് എ എം ജി 45 എസ്. 2 ലിറ്റർ പെട്രോൾ എൻജിൻ കരുത്ത് നൽകുന്ന മോഡൽ 421 ബി.എച്ച്.പി. പവറും 500 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. 8 സ്പീഡ് ഡ്യുവൽ ക്ലച്ചാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. വെറും 3.9 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന വാഹനമാണിത്. പരമാവധി വേഗത മണിക്കൂറിൽ 270 കിലോമീറ്ററാണ്.

View this post on Instagram

A post shared by Anto Joseph (@iamantojoseph)


മെഴ്‌സിഡീസ് മെയ്ബ ജി എൽ എസ് 600 എത്തിയതിന് പിന്നാലെ മമ്മൂട്ടിയുടെ ഗ്യാരേജിലെത്തുന്ന പുതിയ വാഹനമാണിത് എന്നാണ് റിപ്പോർട്ട്. തികഞ്ഞ വാഹനപ്രേമികളാണ് മമ്മൂട്ടിയും ദുൽഖറും. ഗ്യാരേജിൽ ഇപ്പോഴെത്തിയ എ എം ജി 45 എസിനും മെയ്ബയ്ക്കും പുറമെ ജി വാഗൺ, ബെൻസ് വി ക്ലാസ്, എസ് ക്ലാസ്, ലാൻഡ് റോവർ ഡിഫൻഡർ, റേഞ്ച് റോവർ, ഫോക്സ്വാഗൺ പോളോ ജി.ടി.ഐ തുടങ്ങി ആഡംബര കാരവാനുകൾ വരെയുണ്ട്.

ത്രികോണ മത്സരത്തിലൂടെയാണ് മമ്മൂട്ടി വാഹനത്തിന് തന്റെ ഇഷ്ട നമ്പർ സ്വന്തമാക്കിയത്. ഫാൻസി നമ്പറായ KL 07 DC 369 നമ്പർ മമ്മൂട്ടി കമ്പനി ബുക്ക് ചെയ്തിരുന്നെങ്കിലും ഈ നമ്പറിനായി മറ്റ് രണ്ടുപേർ കൂടി രംഗത്തെത്തിയതോടെ ലേലത്തിൽ വയ്ക്കുകയായിരുന്നു. ഓൺലൈനായി നടന്ന ലേലത്തിലൂടെ 1.31 ലക്ഷം രൂപയ്ക്കാണ് അദ്ദേഹം KL 07 DC 369 എന്ന നമ്പർ നേടിയത്. ഇന്ത്യയിൽ എത്തിയിട്ടുള്ള ഏറ്റവും ഉയർന്ന പെർഫോമെൻസ് ഉറപ്പാക്കുന്ന ആഡംബര ഹാച്ച്ബാക്ക് മോഡലാണ് എ.എം.ജി 45 എസ്. 92.50 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.