സൗജന്യമായി കേക്ക് നല്‍കാനാവില്ല.. പിറന്നാള്‍ ആഘോഷത്തിനിടെ പബ്ബ് ജീവനക്കാരുമായി സംഘര്‍ഷം; പൊലീസില്‍ പരാതി നല്‍കി നടി കല്‍പിക

പിറന്നാള്‍ ആഘോഷത്തിനിടെ പബ്ബ് ജീവനക്കാര്‍ തന്നെ ആക്രമിച്ചതായി തെലുങ്ക് നടി കല്‍പിക ഗണേഷ്. ഹൈദരാബാദിലെ ഗച്ചിബൗളിയിലുള്ള പ്രിസം പബ്ബിലെ ജീവനക്കാര്‍ക്കെതിരെയാണ് കല്‍പിക രംഗത്തെത്തിയിരിക്കുന്നത്. ഭയാനകമായ അനുഭവമാണ് തനിക്ക് നേരിടേണ്ടി വന്നത് എന്നാണ് നടി പറയുന്നത്.

പിറന്നാള്‍ പാര്‍ട്ടിക്കിടെ കേക്ക് കൊണ്ടുവരുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജീവനക്കാര്‍ ആക്രമിച്ചു എന്ന് കല്‍പിക പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പബ്ബ് ജീവനക്കാരുമായുണ്ടായ വാക്ക് തര്‍ക്കത്തിന്റെ വീഡിയോ കല്‍പിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. പിറന്നാള്‍ ആഘോഷത്തിനിടെ കേക്ക് വേണമെന്ന് കല്‍പിക ആവശ്യപ്പെടുകയായിരുന്നു.

View this post on Instagram

A post shared by iamkalpika (@iamkalpika27)

എന്നാല്‍ ജീവനക്കാര്‍ അത് അനുവദിച്ചില്ല. എന്നാല്‍ സൗജന്യമായി ബര്‍ത്ത്‌ഡേ കേക്ക് നല്‍കില്ലെന്ന് പബ്ബ് മാനേജര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. താന്‍ സന്ദര്‍ശിച്ച മറ്റെല്ലാ ക്ലബ്ബുകളിലും കേക്കുകള്‍ നല്‍കാറുണ്ടെന്ന് നടി മറുപടി നല്‍കുന്നുണ്ട്. പിന്നാലെ മാനേജറും കല്‍പികയും വാക്ക് തര്‍ക്കം ആരംഭിക്കുകയായിരുന്നു.

അപമാനവും ദേഷ്യവും തോന്നിയ കല്‍പിക ബില്‍ അടക്കാന്‍ വിസമ്മതിച്ചു. നിങ്ങളുടെ ഭക്ഷണം വേണ്ടെന്ന് പറഞ്ഞ് ബില്‍ ചുരുട്ടി എറിയുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പിന്നാലെ ഗച്ചിബൗളി സ്റ്റേഷനില്‍ കല്‍പിക പരാതി നല്‍കുകയും ചെയ്തു. വിഷയത്തില്‍ പ്രിസം പബ്ബ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, 2009ല്‍ പ്രയാണം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് കല്‍പിക ഗണേഷ്. സാമന്ത നായികയായ യശോദ ആണ് കല്‍പിക ഒടുവില്‍ വേഷമിട്ട ചിത്രം. സരോചാരു, മൈ ഡിയര്‍ മാര്‍ത്താണ്ഡം, മാ വിന്താ ഗാഥ വിനുമ, ഹിറ്റ്: ദ ഫസ്റ്റ് കേസ്, പരോള്‍ എന്നിവയാണ് നടിയുടെ മറ്റ് ശ്രദ്ധ നേടിയ ചിത്രങ്ങള്‍.