തൃശൂര്‍ മള്‍ട്ടി പര്‍പ്പസ് സൊസൈറ്റി തട്ടിപ്പ്; ഇടപാടുകാരുടെ സ്വര്‍ണവും വസ്തുവും തിരിമറി നടത്തി തട്ടിയത് രണ്ട് കോടി; ഒളിവിലായിരുന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് പിടിയില്‍

തൃശൂരില്‍ മള്‍ട്ടി പര്‍പ്പസ് സൊസൈറ്റിയില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത് ഒളിവില്‍ പോയ മുന്‍ കോണ്‍ഗ്രസ് നേതാവ് പിടിയിലായി. പഴഞ്ഞി കാട്ടകാമ്പാല്‍ കോണ്‍ഗ്രസ് ചിറക്കല്‍ സെന്ററിലെ മള്‍ട്ടി പര്‍പ്പസ് സൊസൈറ്റിയില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത ശേഷം ഒളിവില്‍ പോയ സംഘത്തിന്റെ സെക്രട്ടറിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കാട്ടകാമ്പാല്‍ മൂലേപ്പാട് സ്വദേശി വാക്കാട്ട് വീട്ടില്‍ വിആര്‍ സജിത് ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. ഇടപാടുകാര്‍ ബാങ്കില്‍ പണയപ്പെടുത്തിയ സ്വര്‍ണം തിരിമറി ചെയ്തും പണയപ്പെടുത്തിയും വസ്തു രേഖകളില്‍ തിരിമറി ചെയ്തും ഇടപാടുകാരുടെ വായ്പകളില്‍ കൂടുതല്‍ സംഖ്യ വായ്പയെടുത്തുമാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. 2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം പുറത്തുവരുന്നത്. ഇടപാടുകാര്‍ പണയം വെച്ച വസ്തുക്കള്‍ തിരികെ എടുക്കാന്‍ ചെല്ലുമ്പോള്‍ പല തവണ അവധി പറഞ്ഞ് തിരികെയയക്കാറായിരുന്നു.

ഇതേ തുടര്‍ന്ന് ഇടപാടുകാര്‍ നല്‍കിയ പരാതിയിലാണ് അസിസ്റ്റന്റ് രജിസ്റ്റാര്‍ അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് രണ്ട് കോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി. പരാതിയുടെ ഭാഗമായി സജിത്തിനെതിരെ കുന്നംകുളം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ സജിത്തിനെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് പുറത്താക്കിയിരുന്നു. കോട്ടയത്ത് നിന്നാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്.