പിഎസ്ജി ആരാധകരുടെ ചാമ്പ്യന്‍സ് ലീഗ് വിജയാഘോഷം അക്രമാസക്തമായി, രണ്ട് മരണം, 500ലധികം പേരെ അറസ്റ്റ് ചെയ്ത് പൊലീസ്

യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം പിഎസ്ജി നേടിയതിന് പിന്നാലെ ഫ്രാന്‍സില്‍ നിന്നും സങ്കടവാര്‍ത്ത. വിജയാഘോഷങ്ങള്‍ അക്രമാസക്തമായതോടെ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 500ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. മ്യൂണിക്കില്‍ നടന്ന ഫൈനലില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഇന്റര്‍മിലാനെ തോല്‍പ്പിച്ച് പിഎസ്ജി കന്നികിരീടം നേടിയത്. ആവേശകരമായ മത്സരത്തിന് പിന്നാലെ പിഎസ്ജിയുടെ കിരീടനേട്ടം ആഘോഷിക്കാന്‍ ആയിരക്കണക്കിന് ആരാധകര്‍ പാരീസില്‍ എത്തുകയായിരുന്നു.

ചാംപ്‌സ് എലീസിസിലും പാര്‍ക് ഡെസ് പ്രിന്‍സസ് സ്റ്റേഡിയത്തിന് ചുറ്റുമായാണ് ആരാധകര്‍ ഒത്തുകൂടിയത്. എന്നാല്‍ ആഘോഷങ്ങള്‍ക്കിടെ അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ പൊട്ടിപ്പുറപ്പെടുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍ നിന്ന് മാത്രം 491 പേരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. പ്രധാനമായും പടക്കങ്ങള്‍ കൈവശം വച്ചതിനും പൊതുഗതാഗതം തടസപ്പെടുത്തിയതിനുമാണ് വലിയ രീതിയിലുളള അറസ്റ്റ് ഉണ്ടായത്.

രാജ്യത്തുടനീളം 559 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആഘോഷങ്ങള്‍ക്കിടെ പാതിരാത്രിയിലാണ് രണ്ട് മരണങ്ങളും സംഭവിച്ചത്. അതേസമയം ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിജയമാണ് പിഎസ്ജി നേടിയത്. ഫൈനലില്‍ പിഎസ്ജിക്കായി ഡിസൈര്‍ ഡൗ ഇരട്ടഗോള്‍ നേടി. അഷറഫ് ഹക്കിമി, ക്വിച്ച ഖ്വാരസ്‌കേലിയ, സെന്നി മയൂലു എന്നിവര്‍ ഓരോ ഗോളും നേടി. മത്സരത്തിലുടനീളം പി എസ് ജി ആയിരുന്നു ആധിപത്യം പുലര്‍ത്തിയത്.