മെസിക്കോ നെയ്മറിനോ നേടികൊടുക്കാന്‍ കഴിയാതിരുന്ന നേട്ടം, ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിക്ക് കന്നികിരീടം, ഇന്റര്‍മിലാനെ തകര്‍ത്തത് അഞ്ച് ഗോളിന്‌

യുവേഫ ചാമ്പ്യന്‍സ് ലീ​ഗ് ഫുട്ബോൾ ഫൈനലിൽ ഇന്റർ മിലാനെ തകർത്ത് പിഎസ്ജിക്ക് കിരീടം. മ്യൂണിക്കിലെ അലയൻസ് അരീനയിൽ നടന്ന ഫൈനലിൽ എതിരില്ലാത്ത അഞ്ച് ​ഗോളിനായിരുന്നു ഫ്രഞ്ച് ക്ലബിന്റെ വിജയം. ചരിത്രത്തിൽ ആദ്യമായാണ് ചാമ്പ്യന്‍സ് ലീ​ഗ് ഫുട്ബോൾ കിരീടത്തിൽ പിഎസ്ജി മുത്തമിടുന്നത്. പിഎസ്ജിക്കായി ഫൈനലിൽ ഡിസൈർ ഡൗ ഇരട്ടഗോൾ നേടി. അഷറഫ് ഹക്കിമി, ക്വിച്ച ഖ്വാരസ്കേലിയ, സെന്നി മയൂലു എന്നിവർ ഓരോ ​ഗോളും നേടി. ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയമാണിത്.

മത്സരത്തിലുടനീളം പി എസ് ജി ആയിരുന്നു ആധിപത്യം പുലർത്തിയത്. 12-ാം മിനിറ്റിൽ അഷറഫ് ഹക്കിമിയുടെ ​ഗോളിലൂടെ പി എസ് ജി മുന്നിലെത്തി. പിന്നാലെ 20-ാം മിനിറ്റിൽ ഡിസൈർ ഡൗവിന്റെ ആദ്യ ​ഗോളും പിറന്നു. ആദ്യ പകുതിയിൽ 2-0ത്തിന് പി എസ് ജി മുന്നിലായിരുന്നു. രണ്ടാം പകുതിയിലെ 63-ാം മിനിറ്റിൽ ഡിസൈർ ഡൗ മത്സരത്തിലെ തന്റെ രണ്ടാം ​ഗോൾ നേടി. 73-ാം മിനിറ്റിൽ ക്വിച്ച ഖ്വാരസ്കേലിയയുടെ വകയായിരുന്നു ​ഗോൾ.

ഇന്റർ മിലാന്‌ കൂടുതൽ പ്രഹരം നൽകി 86-ാം മിനിറ്റിൽ സെന്നി മയൂലുവിന്റെയും ​ഗോൾ പിറന്നു. പിന്നാലെ ലോങ് വിസിൽ മുഴങ്ങിയതോടെ എതിരില്ലാത്ത അഞ്ച് ​ഗോളുകൾക്ക് പി എസ് ജി വിജയത്തിലെത്തി. മത്സരത്തിൽ 60 ശതമാനം സമയത്തും പി എസ് ജി താരങ്ങളായിരുന്നു പന്ത് തട്ടിയത്. 23 ഷോട്ടുകളാണ് ഇന്റർ മിലാൻ ​ഗോൾപോസ്റ്റ് ലക്ഷ്യമാക്കി ഫ്രഞ്ച് സംഘം തൊടുത്തത്.