കാലാവസ്ഥാ വ്യതിയാനം കായികശേഷി കുറയ്ക്കുമോ? പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ

കാലാവസ്ഥാ വ്യതിയാനവും കായികശേഷിയും തമ്മില്‍ അത്രയ്ക്ക് ബന്ധമുണ്ടോ? ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രകൃതിയില്‍ അടിക്കടിയുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഭാവിയില്‍ മനുഷ്യന്റെ കായികശേഷി കുറയ്ക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പാരീസിലെ ദസ്‌കാര്‍ട്‌സ് സര്‍വ്വകലാശാല. ഇപ്പോള്‍ ആയുര്‍ദൈര്‍ഘ്യം, കരുത്ത്, ഉയരം എന്നിവയില്‍ മികവിന്റെ ഉച്ഛസ്ഥായിയിലെത്തിയിരിക്കുകയാണ് മനുഷ്യര്‍. ഇതില്‍ക്കൂടുതലൊന്നും ഇനി മനുഷ്യന് നേടാന്‍ സാധിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.

ശാസ്ത്രമേഖലയില്‍ ഉണ്ടായ വളര്‍ച്ചയാണ് മനുഷ്യന് കായികശേഷി വര്‍ധിക്കാന്‍ കാരണം എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇനിയുള്ള കാലങ്ങളില്‍ ഈ മികവ് നിലനിര്‍ത്താന്‍ ബുദ്ധിമുട്ടായിരിക്കുമെന്നാണ് പഠനത്തിന് നേതൃത്വം നല്‍കുന്ന ദസ്‌കാര്‍ട്‌സ് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ യാന്‍ ഫ്രാന്‍കോയിസ് തൊസെയിന്റ് പറയുന്നത്.

ഓരോ തലമുറ പിന്നിടുമ്പോഴും മനുഷ്യന്‍ ശാരീരികമായും മാനസികമായും വളരുന്നുവെന്നാണ് പൊതുവെയുള്ള ധാരണ. ശാസ്ത്രജ്ഞമാര്‍ അവരുടെ കണ്ടുപിടുത്തങ്ങളിലൂടെ ലോകത്തിന് പറഞ്ഞുതന്നതും മനുഷ്യന്റെ പടിപടിയായുള്ള വളര്‍ച്ചയെക്കുറിച്ചാണ്. എന്നാല്‍, ആ ധാരണകളെയെല്ലാം പാടെ തിരുത്തിക്കുറിക്കുകയാണ് പാരീസ് ദസ്‌കാര്‍ട്‌സ് സര്‍വ്വകലാശാല പുറത്തവിട്ടിരിക്കുന്ന ഈ പഠനം.

Read more

120 വര്‍ഷത്തില്‍ മനുഷ്യന്റെ ശരീരത്തില്‍ വന്ന മാറ്റങ്ങളെ വിശകലനം ചെയ്താണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിച്ചേര്‍ന്നിരിക്കുന്നത്. ഫ്രന്റിയേഴ്‌സ് ഇന്‍ ഫിസിയോളജി എന്ന ജേര്‍ണലാണ് ഈ പഠനം പുറത്തിറക്കിയിരിക്കുന്നത്. ഇനിയുള്ള കാലങ്ങളില്‍ റൊക്കോര്‍ഡുകള്‍ പിറക്കുന്ന കായികമത്സരങ്ങള്‍ വെറും സ്വപ്‌നമായി മാറുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.