വിദ്യയുടെ തീര്‍ത്ഥാടനം

ജീവിത പുരോഗതിയുടെ കാലിക സന്ദേശങ്ങളായ ശിവഗിരി തീര്‍ത്ഥാടന ലക്ഷ്യങ്ങള്‍ വേണ്ടത്ര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്നില്ലായെന്ന് വിമര്‍ശിക്കപ്പെടുമ്പോഴും ലോക പുരോഗതിയുടെ നെടുംതൂണുകള്‍ ആയ അഷ്ടലക്ഷ്യങ്ങള്‍ ഗുരുദേവന്റെ കേന്ദ്രാശയമായ ഗുരുദര്‍ശനത്തിന്റെ പ്ലാറ്റ്‌ഫോമില്‍ ആരോഗ്യകരമായി വിശകലനം ചെയ്യുന്നില്ലായെന്നതും നേരാണല്ലോ. ദേവാലയത്തിന്റെ ആകൃതിക്കും നിര്‍മ്മിതിക്കും പ്രാധാന്യം കുറച്ചു കൊണ്ട് വിദ്യാലയമാകട്ടെ പ്രധാന ദേവാലയം എന്ന വിപ്ലവകരമായ പരിണാമത്തിന് നാന്ദി കുറിച്ചു കൊണ്ട് ‘അറിവുണ്ടാകട്ടെ,അറിവുണ്ടായാല്‍ എല്ലാമായി’ എന്നുള്ള ശാശ്വതാശയത്തെ ആവിഷ്‌കരിക്കുകയും നമ്മുടെ വിചാരക്ഷമതയെ ഉണര്‍ത്താനും ഉയര്‍ത്താനുമുള്ള പ്രവേശനകവാടം കൂടിയാണ് ശിവഗിരി തീര്‍ത്ഥാടനം.

സഹസ്രാബ്ദങ്ങള്‍ക്ക് പിന്നിലേക്ക് തിരിഞ്ഞു നോക്കിയാല്‍ വിദ്യയുടെ പൂര്‍ണ്ണാവിഷ്‌ക്കാരമായ പരിപക്വമായ ഒരു സംസ്‌കൃതിയുടെ നവംനവങ്ങളായ സന്ദേശവാഹകന്‍മാരുടെ ഒരു നീണ്ട നിര തന്നെ ഭാരതമണ്ഡലത്തെ അസ്തമിക്കാത്ത ജ്ഞാനസൂര്യന്റെ വിശുദ്ധരാജ്യമാക്കി മാറ്റിയിരുന്നു. മണ്‍മറഞ്ഞുപോയവരുള്‍പ്പടെ സഹസ്രകോടി മനുഷ്യരുടെ ജീവിതസംസ്‌കാരത്തെ മുഴുവന്‍ ആറ്റിക്കുറുക്കിയെടുത്താല്‍ മനുഷ്യരാശിക്കാകമാനമുള്ള പുരോഗതിയുടെ അടിത്തറയായി നില്‍ക്കേണ്ട ഒരേയൊരു മൂലമന്ത്രമാണ് ”വിദ്യ കൊണ്ട് പ്രബുദ്ധരാവുക”യെന്നത്. ഇന്ന് ലോകത്താകമാനമുള്ള ചെറുതും വലുതുമായ അനേകം നവോത്ഥാന ചിന്താധാരകളുടെ സ്രോതസ്സും അഭയവുമായ അമൃതവാണിയാണിത്. നമ്മളില്‍ വിലീനമായിരിക്കുന്ന ദിവ്യതയുടെ ആവിഷ്‌ക്കാരമാണല്ലോ വിദ്യാഭ്യാസം. തലമുറകളിലൂടെ സ്വഗൃഹത്തിലെ അക്ഷരക്കളരിയില്‍ മുളപ്പിച്ചെടുക്കുന്ന വ്യക്തിത്വത്തിന്റെ വിത്തുകള്‍ പൂര്‍ണ്ണഫലം തരാതെ പട്ടുപോകുന്നതിന്റെ നേരുദാഹരണമാണ് ഇന്നത്തെ വിദ്യാര്‍ത്ഥിയുടെ ഭോഗാസക്തിയും വിദ്യാലയാന്തരീക്ഷവും ഗൃഹാന്തരീക്ഷവും അക്രമരാഷ്ട്രീയവും മയക്കു മരുന്നിന്റെ ഉപയോഗവും മറ്റും. സ്വഭാവരൂപവത്ക്കരണത്തിലൂടെയല്ലാതെ വ്യക്തിത്വത്തിന്റെ അടിത്തറ രൂപപ്പെടുന്നില്ല.അദ്ധ്യാപകര്‍ക്കും പാഠപുസ്തകം തയ്യാറാക്കുന്നവര്‍ക്കും പരിചിതമല്ലാത്ത ആത്മജ്ഞാനത്തിന്റെ അവഗണനയും അനാവശ്യ സ്‌പെഷ്യലൈസേഷനും മറ്റും നമ്മെ സമ്പൂര്‍ണ്ണവികസനത്തിന് സജ്ജമാക്കാത്തതു കൊണ്ടാണ് ‘വിദ്യ കൊണ്ട് പ്രബുദ്ധരാവുക’യെന്ന സാരവത്തായ സന്ദേശത്തിന് ഗുരു ഏറെ പ്രാധാന്യം കൊടുത്തത്.
ഹൃദയവികാസമില്ലാത്ത, ത്യാഗവും സ്‌നേഹവുമില്ലാത്ത, അകക്കണ്ണ് തുറപ്പിക്കാത്ത കേവലം ഒരു തൊഴിലുറപ്പ് പദ്ധതിയോ അതുമല്ലെങ്കില്‍ ദര്‍ശനകൂലി വാങ്ങാനോ നമ്മെ പരിശീലിപ്പിക്കുന്ന വെറും അഭ്യാസി മാത്രമായി വളര്‍ന്നു തളരുന്ന മക്കളെ നോക്കി നില്‍ക്കാനേ മാതാപിതാക്കള്‍ക്കും ആവുന്നുള്ളൂ. സ്വകാര്യബന്ധങ്ങളില്‍ പോലും കച്ചവടമന:സ്ഥിതിയിലൂടെ മറ്റുള്ളവരെ ചൂഷണം ചെയ്യുന്ന മന:സ്ഥിതിയില്‍ നിന്നും ഗുരുപ്രസാദം കൊണ്ടു കര കയറിയെന്ന് പറയാനാവില്ല.”വണ്ടേ നീ തുലയുന്നു, വിളക്കും കെടുത്തുന്നു” എന്ന സ്ഥിതിയിലേയ്ക്ക് നമ്മുടെ പൊന്നോമന മക്കളെ വിവാഹ മയക്കുമരുന്ന് വ്യവസായത്തിലെ ഉല്‍പ്പന്നമാക്കി മാറ്റാനല്ലാതെ ഇന്നത്തെ വിദ്യാഭ്യാസത്തിനെന്ത് പ്രസക്തി?.എല്ലാ മേഖലയിലും ലക്ഷ്യത്തിലെത്താന്‍ ഏതതിക്രമവും ന്യായീകരിക്കപ്പെടുന്ന മൂല്യച്യുതിയുടെ ഗര്‍ഭഗൃഹമാണിവിടം. അന്ധനാല്‍ നയിക്കുന്ന അന്ധന്മാരെ കൊണ്ട് ഇവിടം നിറയുന്നു. ചന്ദനത്തിന്റെ ഗന്ധമറിയാത്ത കഴുതയെ പോലെ വിദ്യയുടെ വെളിച്ചം കിട്ടാതെ അഗണ്യകോടികള്‍ അവഗണിക്കപ്പെട്ടോ സാമുദായിക വിഭാഗീയതയാലോ, സാമ്പത്തിക പരാധീനതകളാലോ, മനോരോഗികളായോ, സാമൂഹിക വിരുദ്ധരായോ, മതതീവ്രവാദികളായോ, ആത്മഹത്യ ചെയ്യുകയോ ചെയ്യുമ്പോള്‍ ഗുരുദര്‍ശനം എങ്ങനെ രക്ഷയ്‌ക്കെത്തുമെന്നും, ജീവനെ എങ്ങനെ രക്ഷിക്കാമെന്നും നാം ചര്‍ച്ച ചെയ്യേണ്ടെ? ജീവനിലെ ചിദംശത്തെ പൂര്‍ണ്ണമായറിയുകയല്ലാതെ, പുറംലോകത്തെ അലച്ചിലുകള്‍ക്ക് സര്‍വ്വജ്ഞപട്ടം കൊടുക്കുന്ന സമ്പ്രദായമായി വിദ്യാഭ്യാസം മാറിപ്പോയപ്പോള്‍ അന്ത:സാരശൂന്യതയാല്‍ വിദ്യാവെളിച്ചം അവനവനു തന്നെ ഉപകാരമില്ലാതായി.

അറിവിന് വേണ്ടിയുള്ള പാകപ്പെടലാണല്ലോ വ്രതം കൊണ്ടുദ്ദേശിക്കുന്നത്. പഞ്ചേന്ദ്രിയങ്ങളുടെ തെളിച്ചം തന്നെ പഞ്ചശുദ്ധി. പഞ്ചശുദ്ധിയോടു കൂടിയ പത്ത് ദിവസത്തെ വ്രതം കൊണ്ട് പരിപക്വമാവുക. ശുദ്ധമായ അറിവിന് വേണ്ടി ബോധപൂര്‍വ്വം ഒരു തീര്‍ത്ഥയാത്ര.വൈകാരികഭാവങ്ങളുടെ വേലിയേറ്റത്താല്‍ കണ്ണീരില്‍ കുതിര്‍ന്നു പോകുന്ന സാധാരണക്കാരനും ഉപയോഗപ്രദമാവുന്ന അറിവാംപൊരുളിനെ നേരായി പ്രകാശിപ്പിക്കാനൊരിടം ശിവഗിരി തീര്‍ത്ഥാടനം ആകണമെന്ന ഗുരുകല്പനയാണ് സമയക്കുറവ് മൂലം തള്ളികളഞ്ഞത്. പീതവസ്ത്രമണിഞ്ഞ് കാല്‍നടയായും വാഹനങ്ങളിലുമായും എത്തുന്ന സാധകന് ഗുരുസ്വരൂപത്തെ കണ്ടെത്താനോ അനുഭവിക്കാനോ സാധ്യമാവാതെ ആ തിക്കിലും തിരക്കിലും നിന്ന് വെളിച്ചവും വിരക്തിയും സമ്പാദിച്ചു ഉപരതനായി, അന്തര്‍മുഖനായി മടങ്ങുന്നു. സര്‍വ്വസമാശ്ലേശിയായ അദ്വൈത ദര്‍ശനത്തിന്റെ സാര്‍വ്വലൗകികമായ വിതരണം വിദ്യയുടെ പരിണാമവികാസങ്ങളുടെ അനന്തസാദ്ധ്യതകളുടെ ചരിത്രം കൂടിയാകുന്നു ശിവഗിരി തീര്‍ത്ഥാടനം. അറിവ് നേടാനുള്ള യോഗ്യതയും തിരിച്ചറിവും പ്രയത്‌നവും ജീവിതസമര്‍പ്പണത്തോളം എത്തുന്ന ഒരന്ത:പ്രവാഹമായി ശാരദയായി പൗര്‍ണ്ണമിയിലെ പാലൊളിപോലെ പരന്നൊഴുകുമ്പോള്‍ മനുഷ്യത്വത്തിന്റെ അടിസ്ഥാനവും ഏറ്റവും ഉന്നതവുമായ ദിവ്യത മറ നീക്കി പ്രകാശിക്കുന്നു. ഇതാണ് തീര്‍ത്ഥാടനം കൊണ്ട് ഗുരു ഉദ്ദേശിച്ചതും നമുക്ക് ലഭിക്കേണ്ടതും.

സഹജവാസനകളെ എരിച്ചു കളയാവുന്ന മൃഗഭാവങ്ങളെ സംസ്‌കരിക്കാനുള്ള മുന്നേറ്റമാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്. ഗുരുവിന്റെ അഷ്ടലക്ഷ്യങ്ങളുടെ അടിത്തറ ശുചിത്വവും വിദ്യാഭ്യാസവുമാണല്ലോ. ഗുരുവിന്റെ മുന്നില്‍ സ്വയം ഒരു ഹവിസ്സായി മാറാന്‍ മാനസികമായി തയ്യാറാവുമ്പോള്‍ പത്തുദിവസമോ നാലപ്പത്തിയൊന്ന് ദിവസമോ കൊണ്ട് തന്നിലും സമൂഹത്തിലും നിന്ന് അഴിമതിയും ആലസ്യവും അകന്നു പോകും. അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ ഒരു ഗുരുവിനും തീര്‍ത്ഥാടനത്തിനും മതത്തിനും ആര്‍ക്കും തന്നെ ഭക്തന്മാരുടെ, അനുയായികളുടെ ശിഷ്യന്മാരുടെ, മൂല്യബോധത്തില്‍ പ്രയോജനകരമായ മാറ്റമോ ഉണര്‍വ്വോ ഉണ്ടാക്കാന്‍ പോകുന്നില്ല. ഭക്തന്മാരെ പറഞ്ഞു പറ്റിക്കുകയോ ചിന്താശൂന്യരായ വിഡ്ഢികളോ ആക്കി മാറ്റുന്നതിലാണ് ഇന്നത്തെ എല്ലാ ആത്മീയ നേതാക്കന്മാരുടേയും നിലനില്‍പ്പിന്റെ സുരക്ഷിതത്വം ഇരിക്കുന്നത്.
ധനം വിദ്യയാകും, വിദ്യ സേവനമാകും, കുട്ടികളെ വിദ്യാലയത്തില്‍ ത്യാഗം പഠിപ്പിക്കണം. എന്നീ ഗുരുസന്ദേശത്തിന്റെ സാരാംശത്തെ സര്‍വ്വാത്മനാ സ്വാംശീകരിക്കുവാന്‍ വേണ്ടുന്ന വകതിരിവ്, ബോധം ഉണ്ടാക്കിയെടുക്കാനായില്ലെങ്കില്‍ ഗുരുവിന്റെയും കേരളത്തിന്റെയും വിദ്യാലയങ്ങളുടെ പ്രസക്തി നഷ്ടപ്പെടുക തന്നെയാണ്‌ ചെയ്യുന്നത്. മനുഷ്യത്വമെന്ന ജാതിയിലൂടെ മനുഷ്യനെ സൃഷ്ടിക്കാന്‍ ശിവഗിരിക്കോ ഗുരുവിനെ ഉള്‍ക്കൊള്ളുന്ന കേരളസമൂഹത്തിനോ മറ്റു പ്രസ്ഥാനങ്ങള്‍ക്കോ നാളിതു വരെയായിട്ടും സാധിച്ചിട്ടില്ല. അധികാരം നിലനിര്‍ത്താനുള്ള വെമ്പലില്‍ കള്ളപ്രചാരണങ്ങളും വ്യാജവിശദീകരണങ്ങളും കൊണ്ട് പൊതുജനത്തെ കബളിപ്പിക്കുന്നു. ഇതാണ് ഇന്നത്തെ ജീവിതാന്തരീക്ഷമെങ്കില്‍ നാമെന്ത് ചെയ്യും? വ്യക്തിത്വവും ആദര്‍ശവും നഷ്ടപ്പെട്ട് ചതിയും കുതികാല്‍ വെട്ടലുമായി ”ഇപ്പ ശരിയാക്കി തരാം” എന്നുപറഞ്ഞ് ഭരണക്കസേര ഉറപ്പിക്കുന്ന ആധുനിക വിദ്യാഭ്യാസത്തിന്റെ ദുര്‍സന്തതികള്‍ക്ക് വിദ്യാഭ്യാസം വെറും പ്രസംഗിക്കാനുള്ളത് മാത്രം. ‘അലകളുമാഴിയുമെന്നു വേണ്ടയെല്ലാമുലകുമുയര്‍ന്ന് അറിവായ് മാറിടുന്നു’.എന്ന ജീവബ്രഹ്‌മത്തിലേയ്ക്ക് ഒരിക്കലെങ്കിലും ഒന്നെത്തി നോക്കാനായില്ലെങ്കില്‍ നിര്‍വ്യാജമായ അറിവിന്റെ ആനന്ദത്താല്‍ ധന്യധന്യരായി സൃഷ്ടിജാലത്തിലെ സൂര്യതേജസ്സായി പ്രകാശിക്കേണ്ടവര്‍ ലൗകിക വിഷയങ്ങള്‍ക്ക് മുന്‍പില്‍ വെറുംപിച്ചക്കാരനെ പോലെ കാലുപിടിച്ച് കരയുന്നവരായി ഭൂമിയുടെ ആകര്‍ഷവലയത്തിനുള്ളില്‍ നിന്ന് അകന്നു പോയത്‌ പോലെ ഉള്ളിലെ ദൈവസത്തയില്‍ നിന്നും അകന്ന് ഒരിക്കലും മടങ്ങിവരാതെ അധികാരകസേരയ്ക്കുചുറ്റും കറങ്ങി കൊണ്ടിരിക്കും.

നമുക്ക്‌ ബോദ്ധ്യമില്ലാത്ത കാര്യങ്ങളില്‍ ആധികാരികമായ അഭിപ്രായം പറയുകയും അത് അറിവിന്റെ ആത്മപരിശോധനയ്ക്ക് വിധേയമാക്കാതെ സമൂഹത്തിലെ പലരെയും പറ്റിച്ച് ആളാവാന്‍ നോക്കുന്നത് അത്യപകടകരമാണ്. ഗുരുദേവന്റെ സാമൂഹികപ്രസക്തിയുള്ള സന്ദേശങ്ങളെ മാത്രം തിരഞ്ഞു പിടിച്ച് സ്വീകരിക്കുന്നവരും ഗുരുവിന്റെ ആദ്ധ്യാത്മാശയങ്ങളെ ബോധപൂര്‍വ്വം അവഗണിക്കുന്നത് ഗുണത്തെക്കാളുപരി ദോഷമാണുണ്ടാക്കുന്നത്. ഗുരു പാരമ്പര്യം കേരളീയര്‍ക്ക് ഇന്നന്യമാണ്. കേരളത്തിന്റെ സ്വത്വപ്രതിസന്ധിക്ക് കാരണമതാണ്. എന്തിനുമേതിനും ജാതിമതം നോക്കുന്ന നമുക്ക് ഗുരു വെറും പ്രതിഷ്ഠാവിഗ്രഹം മാത്രം. കുറച്ചുകൂടി ഉയര്‍ത്തിയാല്‍ ആനപ്പുറത്തേറ്റാനുള്ള ഒരു തിടമ്പ്. അതിലുപരി ആ ജ്ഞാനസ്വരൂപനെ പ്രകാശിപ്പിക്കാനൊരിടമായിരുന്നു ശിവഗിരി തീര്‍ത്ഥാടനത്തിലെ എട്ടു വിഷയങ്ങള്‍. ഇത് ഗുരുദര്‍ശനത്തിന്റെ സാമൂഹ്യതലത്തിലുള്ള പ്രായോഗികതയാണെന്ന് നാം വിചാരിക്കുമ്പോഴും ആത്മോപദേശശതകവും, ദര്‍ശനമാലയും, അദ്വൈതദീപികയും, സ്വാനുഭവഗീതിയും ആ വലിയ കര്‍ട്ടനു പിന്നിലായി പോകുന്നത് ഗുരുദര്‍ശനത്തെ സൗകര്യപൂര്‍വ്വം രണ്ടായിതിരിക്കുന്നതു കൊണ്ടാകാം. സൂര്യനെ കേന്ദ്രീകരിച്ച് ആകര്‍ഷണശക്തിയാല്‍ കറങ്ങുന്ന ഗ്രഹങ്ങളെ പോലെ ആത്മസത്തയെ കേന്ദ്രീകരിച്ച് വിശദീകരിക്കപ്പേടെണ്ട കാലികാശയങ്ങള്‍ മാത്രമാണ് അഷ്ടലക്ഷ്യങ്ങള്‍ . എന്നിലെ ചിദംശത്തില്‍ നിന്ന് അകന്നുപോയതാണ് ആധുനികലോകത്തിന്റെ ഏറ്റവും വലിയ ദുരന്തമെന്ന് കാണാന്‍ മറ്റൊരുകണ്ണിന്റെ ആവശ്യം വേണം. കണ്ണെന്ന പോലറിവ് സ്വയംകാണില്ലല്ലോ? അപ്പോള്‍പിന്നെ എന്റെ വിഷയങ്ങളുടെ വിശദീകരണത്തില്‍ ഞാന്‍ തൃപ്തനാകേണ്ടി വരുന്നു. ജ്ഞാനപ്രകാശമാണ് അജ്ഞാനാന്ധകാരത്തെ അകറ്റാനുള്ള ഒരെയോരുപാധി. ഇതുതന്നെയാണ് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യവും. ഇങ്ങനെ ജീവനെ ജീവിതത്തിന്റെ അമൃതശ്രോതസ്സിലെത്തിക്കുന്നത് തന്നെ തീര്‍ത്ഥാടനം.

മദ്യവും മയക്കുമരുന്നും ഡി.ജെ പാര്‍ട്ടികളും വ്യക്തിജീവിതത്തിന്റെ ഭാഗമായി മാറുകയും ഭോഗാസക്തിയും ആഡംബരങ്ങളും അലങ്കാരമെന്ന് അഭിമാനിക്കുന്ന ‘ന്യൂ ജനറേഷന്‍ മലയാളി’ നേരിടുന്ന ദുരന്തം ചെറുതൊന്നുമല്ല. വിദ്യാഭ്യാസത്തെ പറ്റിയും സ്വയംതൊഴില്‍പദ്ധതിയെ പറ്റിയും ചര്‍വ്വിതചര്‍വ്വണം പോലെ മുക്കിലുംമൂലയിലും ചര്‍ച്ചകള്‍ നടക്കുമ്പോഴും ‘മോഹത്തിനടിമപ്പെട്ടു ആത്മഹന്താക്കളായി പോകുന്നു’ എന്ന ഗുരുവാക്യം നാം ഒന്നിരുത്തി ചിന്തിക്കണം. മരണാനന്തരനരകാഗ്‌നിയില്‍ നിന്നല്ല വര്‍ത്തമാനകാല മോഹാഗ്‌നിയില്‍ നിന്നാണ് നാം രക്ഷ നേടേണ്ടത്. അമ്പലങ്ങള്‍ക്കു പകരം വിദ്യാലയം ദേവാലയമാകട്ടെ എന്നുചിന്തിച്ച മഹാഗുരുവിന്റെ നാട്ടില്‍ കലാലയങ്ങളിലെ കത്തിക്കുത്ത്‌ പോലും അപമാനകരമായി നമുക്ക് തോന്നുന്നില്ലെങ്കില്‍ ഏതു വിദ്യാഭ്യാസമായാലും, എത്ര ഉന്നതവിദ്യാഭ്യാസമായാലും അതുവെറും ചാരം മാത്രമാണ്. ഗുരു ജനിച്ചതും ജീവിച്ചതും ഗുരുവിന്റെ ദര്‍ശനവും ധര്‍മ്മോദ്ധാരണത്തിനു വേണ്ടിയാണ്. ഇതിന്റെ പ്രായോഗിക ആവിഷ്‌കാരമാണ് മനുഷ്യത്വമുള്ള മനുഷ്യന്‍. ഇത്തരം മനുഷ്യരുടെ ശാന്തിശീതളമായ സാമൂഹ്യാന്തരീക്ഷത്തില്‍ വിരിയുന്ന ആമ്പല്‍പൂ പോലെ പൂര്‍ണ്ണത പ്രാപിക്കാന്‍ ശിവഗിരി തീര്‍ത്ഥാടനം നമുക്ക് അനുഗ്രഹമാകണം.