പാംപ്‌ളാനിയുടെ ആശങ്ക ഉണര്‍ത്തുന്ന നിലപാടുകളും ബി.ജെ.പിയുടെ തുറുപ്പുചീട്ടും

ഇന്ത്യയുടെ സാമൂഹിക പരിസരങ്ങളില്‍ വര്‍ഗീയത അവിശ്വാസത്തിന്റെയും വിഭജനത്തിന്റെയും മതിലുകള്‍ ഉയര്‍ത്തുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഹിന്ദുത്വ അജണ്ടയില്‍ വേരുറപ്പിച്ച് അതിന്റെ അസ്തിവാരം ശക്തിപ്പെടുത്തുമ്പോള്‍ അതിനിടയില്‍ ബലിയാടുകളാകുന്നത് പലപ്പോഴും ദളിതരും മതന്യൂനപക്ഷങ്ങളുമാണ്. ഭരണകൂടം ജനങ്ങളെ വേട്ടയാടുന്ന സമകാലീന ഇന്ത്യയില്‍ ആര്‍ എസ് എസിന്റെ വിഭജന രാഷ്ട്രീയത്തെ ഒരു പരിധി വരെയെങ്കിലും ചെറുത്തു നില്‍ക്കുന്ന ഇന്ത്യയിലെ ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് കേരളം.എന്നാല്‍ നിലവിലെ സാഹചര്യം കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തിലും വലിയ ആശങ്ക ഉയര്‍ത്തുകയാണ്. ബിജെപിക്ക് എക്കാലവും ബാലികേറാമലയായിരുന്ന ന്യുനപക്ഷ മേഖലകളിലേക്ക് ബിജെപിയെ സ്വാഗതം ചെയ്യുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ചില ക്രൈസ്തവ മതമേലദ്ധ്യക്ഷന്‍മാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് മതേതര സമൂഹത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.

റബ്ബറിന് വില 300 രൂപയാക്കിയാല്‍ ബിജെപിക്ക് എം പി മാരെ നല്‍കാമെന്ന തലശേരി അതിരൂപതാ ബിഷപ്പ് മാര്‍ ജോസഫ് പാംപ്‌ളാനിയുടെ പ്രഖ്യാപനം വലിയ വിവാദമായിരുന്നു. ഹിന്ദുത്വ അജണ്ടയുമായി രാഷ്ട്രീയാധികാരം പിടിക്കാനൊരുങ്ങുന്ന ബി ജെപി ക്ക് കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹങ്ങളിലേക്ക് സ്വീകാര്യത നല്‍കുന്ന പുരോഹിതന്റെ പ്രസ്താവന ശരിക്കും ആശങ്കയുണര്‍ത്തുന്നതായിരുന്നു. വിമര്‍ശനങ്ങളും ചര്‍ച്ചകളും കളം കൊഴുപ്പിക്കുമ്പോള്‍ ആര്‍എസ് എസുമായുള്ള അന്തര്‍ദ്ധാര കൂടുതല്‍ വെളിപ്പെടുന്ന തരത്തില്‍ തന്റെ പ്രസ്താവനക്ക് വീണ്ടും വീണ്ടും ന്യായീകരണങ്ങളുമായി രംഗത്തെത്തുകയാണ്മാര്‍ ജോസഫ് പ്ലാംപ്ലാനി.

ക്രൈസ്തവ മതമേലദ്ധ്യക്ഷന്‍മാരുടെ ബി ജെ പി ബാന്ധവത്തെ ആര്‍ എസ് എസ് ന്റെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്ന വിചാരധാരയെ അടിസ്ഥാനമാക്കി ചോദ്യം ചെയ്യുന്നവരെ തള്ളിപ്പറഞ്ഞുകൊണ്ടാണ് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി വാര്‍ത്തകളില്‍ വീണ്ടും ഇടം പിടിച്ചിരിക്കുന്നത്. ക്രിസ്ത്യാനികളെ എതിരാളികളായി കാണുന്നവര്‍ നിരവധി പ്രത്യയശാസ്ത്രങ്ങളിലും മതങ്ങളിലും ഉണ്ടെന്നും അതെല്ലാം ഓരോ സാഹചര്യങ്ങളില്‍ പറയപ്പെട്ട കാര്യങ്ങളാണ്. ആ സാഹചര്യങ്ങളെ മനസ്സിലാക്കാനുള്ള ബൗദ്ധിക പക്വത പൊതുസമൂഹത്തിനുണ്ടെന്നുമാണ് വിചാരധാരയെക്കുറിച്ചുള്ള ബിഷപ്പിന്റെ ന്യായീകരണം. റബര്‍ ബോര്‍ഡ് ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയില്‍ വിലത്തകര്‍ച്ച സംബന്ധിച്ച് വിശദമായ ചര്‍ച്ച നടന്നിട്ടില്ലെന്നും കര്‍ഷക വിഷയത്തെ വര്‍ഗീയ വിഷയമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും ബിഷപ്പ് പറഞ്ഞു. റബ്ബറിന്റെ വില 300 രൂപയാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാമെന്ന തരത്തില്‍ ബിഷപ്പ് പാംപ്ലാനി നടത്തിയ പ്രസ്താവനയാണ് ആദ്യം വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. അതേ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ആര്‍ എസ് എസ് മാനിഫെസ്‌റ്റോ ആയ വിചാരധാരയിലെ ക്രൈസ്തവ വിരുദ്ധ ആശയങ്ങളെ ലഘൂകരിച്ച് ബിഷപ്പ് വീണ്ടും രംഗത്തെത്തിയത്.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ സംസ്ഥാന നേതാക്കള്‍ വരെയുള്ള ബി.ജെ.പി. നേതാക്കള്‍ വിവിധ ക്രിസ്ത്യന്‍ മതമേലദ്ധ്യക്ഷന്മാരെ കഴിഞ്ഞ ദിവസങ്ങളിലായി സന്ദർശിച്ചിരുന്നു. വിചാരധാരയില്‍ ക്രിസ്ത്യാനികളെയടക്കമുള്ള ന്യൂനപക്ഷങ്ങളെ ആഭ്യന്തര ശത്രുക്കളായാണ് കാണുന്നതെനന് പറഞ്ഞ് കോണ്‍ഗ്രസും സി പി എമ്മും ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. കേരളത്തിലെ ഭരണപ്രതിപക്ഷ പാര്‍ട്ടികളും, രാഷ്ട്രീയ സാംസ്‌കാരിക ലോകവും ഒരേ സ്വരത്തിലാണ് ഈ വിഷയത്തില്‍ വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്.

എന്നാല്‍ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തു നിന്നുമാത്രമല്ല ക്രൈസ്തവ സമുദായംഗങ്ങളും ബിഷപ്പിനെ പ്രതിരോധത്തിലാക്കി പ്രതികരിച്ചു കഴിഞ്ഞു. ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി സംഘ്പരിവാര്‍ നിലവാരത്തില്‍ നിന്ന് താഴേക്ക് പോകുന്നുവെന്ന് അല്മായ മുന്നേറ്റം എറണാകുളം അതിരൂപത സമിതി തുറന്നടിച്ചിട്ടുണ്ട് .സംഘപരിവാര്‍ പോലും വിചാരധാരയില്‍ ക്രിസ്ത്യാനികളെ കുറിച്ചുള്ള പരാമര്‍ശം അന്നത്തെ കാലഘട്ടത്തിലേതാണ് എന്ന് പറഞ്ഞ് ന്യായീകരിക്കാന്‍ മുതിര്‍ന്നിട്ടില്ല എന്നിരിക്കെ വിചാരധാരയിലെ പരാമര്‍ശത്തെ ലഘൂകരിക്കുന്ന, സംഘപരിവാറിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള ബിഷപ്പന്റെ പരാമര്‍ശങ്ങള്‍ സാധാരണ സംഘികളേക്കാള്‍ തരം താഴുന്നു എന്നാണ് എറണാകുളം അല്മായ മുന്നേറ്റം കുറ്റപ്പെടുത്തുന്നത്.

.റബറിന് 300 രൂപ തന്നാല്‍ ബി.ജെ.പിക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നത് 2000 വര്‍ഷം മുമ്പ് 30 വെള്ളിക്കാശ് തന്നാല്‍ ക്രിസ്തുവിനെ കാണിച്ചുതരാമെന്ന് പറഞ്ഞ യൂദാസും തമ്മില്‍ കാലഘട്ടത്തിന്റെ വ്യത്യാസം മാത്രമാണുള്ളതെന്നാണ് അല്മായ മുന്നേറ്റം ബിഷപ്പിനെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞത്. പക്ഷെഈ വിമര്‍ശനങ്ങളൊന്നും തന്നെ ഒരു ക്രിസ്ത്യന്‍ പുരോഹിതന്റെ ആര്‍എസ്എസ് പ്രീണനത്തെ തളര്‍ത്തുന്നില്ല എന്നതാണ് ഗൗരവമുള്ള വിഷയം .

മുസ്ലിം വിഭാഗത്തെ എന്നപോലെതന്നെ ക്രിസ്ത്യന്‍ സമുദായത്തേയും വര്‍ഗശത്രുക്കളായി കാണുന്ന ആര്‍എസ്എസ് രാഷ്ട്രീയത്തിന്റെ ഭീകരതയുടെ തെളിവുകള്‍ കഴിഞ്ഞ കുറച്ചു കാലമായി രാജ്യത്തു നടന്നുവരുന്ന വര്‍ഗീയ ആക്രമണങ്ങളിലൂടെ നാം കണ്ടു വരികയാണ്. ബജറംഗദളും , ശ്രീരാമസേനയും,വര്‍ഗീയ കലാപങ്ങളും, ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളുമെല്ലാം ഏതാനും ഉദാഹരണങ്ങള്‍ മാത്രം. ആവര്‍ത്തിച്ചു നടന്ന ഇത്തരം സംഭവങ്ങള്‍ കണ്‍മുന്നില്‍ കണ്ടിട്ടും .രാജ്യത്തെ മത ന്യനപക്ഷങ്ങള്‍ക്കെതിരായി വ്യക്തമായ പരാമര്‍ശമുള്ള വിചാരധാരയെ ന്യായീകരിക്കുന്ന ഒരു ക്രിസ്തീയ പുരോഹിതന്റെ നിലപാട് ആശങ്കയേക്കാള്‍ ഭയമാണ് ഉണ്ടാക്കുന്നത്.

തിരഞ്ഞെടുപ്പു വിജയം മാത്രം പരിഗണിച്ചാല്‍ കേരളത്തില്‍ ബിജെപി വളര്‍ന്നിട്ടില്ലെന്നു ആശ്വസിക്കാമെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ചെറുതല്ലാത്ത നേട്ടമുണ്ടാക്കാന്‍ അവര്‍ അഹോരാത്രം പരിശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ തുടരെ തുടരെയുള്ള ബിഷപ്പിന്റെ ആര്‍എസ്എസ് അനുകൂല പരാമര്‍ശങ്ങളെ അത്ര നിസ്സാരമായി അവഗണിക്കാനാകില്ല. അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനം പോലും മറ്റ് സമുദായങ്ങള്‍ക്ക് പ്രത്യേകിച്ച് കൃസ്ത്യന്‍ സമുദായത്തിന് ബജെപി നല്‍കുന്ന പ്രാതിനിധ്യമായി അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നതു കൊണ്ടു തന്നെ. ബിഷപ്പ് പാംപ്ലാനിയെ പോലെ ഒരു ക്രിസ്തീയ പുരോഹിതശ്രേഷ്ഠൻറെ നിലപാടുകളെ ഏറെ ആശങ്കയോടെയാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.